കേരളത്തിലുള്ളവരെ സംബന്ധിച്ച് മത്സ്യം നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവത്ത ഭക്ഷണമാണ്. കരിമീന്‍ പൊള്ളിച്ചത്, മീന്‍ മപ്പാസ് അങ്ങനെ എത്രയെത്ര വെറൈറ്റികൾ ആണ് നമ്മുടെ നിത്യജീവിതത്തെ രുചികരമാക്കുന്നത്. കേൾക്കുമ്പോൾ തന്നെ നാവിൽ കപ്പലോടുന്നുണ്ടല്ലേ....
എന്നാൽ പാചകം ഒന്നു പിഴച്ചാൽ മരണം വരെ സംഭവിച്ചേക്കാവുന്ന മത്സ്യങ്ങളെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ..!! അങ്ങനെ ചിലരുണ്ട് ആരാണെന്നറിയണ്ടേ സാക്ഷാൽ പഫർ മത്സ്യങ്ങൾ തന്നെ. കാഴ്ചയിൽ കുഞ്ഞന്‍മാരാണെങ്കിലും ഏറ്റവും വിഷം കൂടിയ ജീവികളിൽ രണ്ടാം സ്ഥാനമാണ് ഇവർക്ക്. ടേട്രോഡോണ്ടിഡെ വിഭാഗത്തിൽപ്പെടുന്ന ഇവർ രൂപ പ്രത്യേകതകൾ മൂലം ബലൂൺഫിഷ്, ബ്ലോഫിഷ്, ബബിൾഫിഷ്, ഗ്ലോബ്‌ഫിഷ്, ടോഡ്‌ഫിഷ് എന്നിങ്ങനെ വിവിധ പേരുകളിലാണ് അറിയപ്പെടുന്നത്.
- ആൾമാറാട്ട വിരുതന്‍
ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാനും വിരുതാനിണിവന്‍ എങ്ങനെയെന്നല്ലേ!? പഫർഫിഷ് അവയുടെ ഇലാസ്റ്റിക് ആമാശയം ഉപയോഗിച്ച് അവയുടെ സാധാരണ വലുപ്പത്തിൽ നിന്നും പന്തിന്‍റെ ആകൃതിയിലേക്ക് മാറി ശത്രുക്കളെ പറ്റിക്കുന്നു.
- ന്യൂറോടോക്സിന്‍റെ സാന്നിധ്യം
മിക്ക പഫർഫിഷുകളിലും ടെട്രൊഡോടോക്സിന്‍ എന്ന മാരകമായ ന്യൂറോടോക്സിനാണ് അടങ്ങിയിരിക്കുന്നത്. ഇവ സയനൈഡിനേക്കാൾ അപകടകാരിയാണ്. ശരാശരി 30 പേരെയെങ്കിലും കൊല്ലാന്‍ ആവശ്യമായ വിഷം പഫർഫിഷിലുണ്ട്.
- ജപ്പാനിലെ സ്വാദിഷ്ട വിഭവം
ആള് കുറച്ച് കുഴപ്പക്കാരനാണെങ്കിലും ജപ്പാനിൽ ഇവന് ആവശ്യക്കാരേറെയാണ്..!! ജപ്പാനിൽ 'ഫുഗു' എന്ന് അറിയപ്പെടുന്ന ഇവർ ജപ്പാന്‍ ജനതയുടെ ഇഷ്ടഭക്ഷണമാണ്. ജപ്പാനിലെ മികച്ച ഭക്ഷണശാലകളിൽ മാത്രമാണ് പഫർഫിഷ് ലഭ്യമാകുന്നത്. ഏകദേശം 8978 രൂപയോളം വിലമതിക്കുന്ന ഇവരെ വെറുതെയൊന്നും പിടിച്ചങ്ങ് കറിവെക്കാന്‍ പറ്റില്ല...!! പ്രത്യേക ലൈസന്‍സുള്ള റെസ്റ്ററെന്‍റുകൾക്ക് മാത്രമാണ് ഇവ പാചകം ചെയ്യാന്‍ അനുമതി. വിദഗ്ധ പരിശീലനം നേടിയവർ മാത്രമാണ് ഇവ പാചകം ചെയ്യുന്നത്. കാരണം ഇവ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ മരണം വരെ സംഭവിച്ചേക്കാം. പസഫിക് സമുദ്രത്തിലെ ഫ്ലോട്ടിംഗ് കൂടുകളിലാണ് ഇവയെ കൃഷി ചെയ്യുന്നത്. ജപ്പാനിലെ ഏറ്റവും വലിയ ഫുഗു മാർക്കറ്റ് ഷിമോനോസെകിയിലാണ്.
Also read: ധൈര്യമുണ്ടെങ്കില്‍ ഈ മുളക് രുചിച്ചു നോക്കൂ, വിവരം അറിയും!