പട്‌ന : ബിഹാറിലെ ബെഗുസരായ് ജില്ലയിൽ സാധാരണക്കാരായ 11 പേർക്ക് നേരെ ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ തുരുതുരാ നിറയൊഴിച്ചു. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്കുണ്ട്.
ബെഗുസരായ് ജില്ലയിലെ ചകിയ പൊലീസ് സ്റ്റേഷൻ പരിധിയിലെ തെർമൽ ഗേറ്റിന് സമീപം ചൊവ്വാഴ്‌ച വൈകീട്ടായിരുന്നു നടുക്കുന്ന സംഭവം. ബൈക്കില്‍ കറങ്ങി നാല് പൊലീസ് സ്റ്റേഷൻ പരിധികളിലായി 40 മിനിട്ടിലേറെ,അക്രമികള്‍ വെടിവയ്‌പ്പ് നടത്തി.
പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ജില്ല മെഡിക്കൽ ഓഫിസർ രാമകൃഷ്‌ണ കുമാർ അറിയിച്ചു. ആദ്യ വെടിവയ്‌പ്പ് ബച്‌വാര പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗോധാനയിലും രണ്ടാമത്തേത് ടെഗ്രയ്ക്ക് കീഴിലുള്ള ആധാർപൂരിന് സമീപവുമാണ് നടന്നത്. ബെഗുസരായ് സംഭവത്തിൽ ബിഹാർ പൊലീസ് അന്വേഷണം സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.
വെടിവയ്‌പ്പ് നടത്തിയ രണ്ടുപേരെയും സൈക്കോകളായി തോന്നുന്നുവെന്നും ഇവര്‍ക്കായി എല്ലാ പൊലീസ് സ്‌റ്റേഷനുകളിലേക്കും ജാഗ്രതാനിർദേശം നർകിയിട്ടുണ്ടെന്നും വാഹന പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ബെഗുസരായ് എസ്‌പി യോഗേന്ദ്ര കുമാർ അറിയിച്ചു. ജില്ലയിലെ വിവിധയിടങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.
രാഷ്‌ട്രീയ കൊലപാതകങ്ങൾ സാധാരണമായിരുന്ന അറുപതുകളിലേക്ക് ബെഗുസരായ് തിരികെ പോവുകയാണെന്ന് ആരോപിച്ച് രാജ്യസഭ എംപി രാകേഷ് സിൻഹ രംഗത്തെത്തി. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.