മുംബൈ: മുസ്ലിം പള്ളികൾക്ക് മുമ്പിൽ ഹനുമാൻ ചാലിസ കേൾപ്പിച്ച് പ്രതിഷേധിക്കാൻ മഹാരാഷ്‌ട്ര നവനിർമാൺ സേന (എംഎൻഎസ്) അധ്യക്ഷൻ രാജ് താക്കറെ ആഹ്വാനം ചെയ്‌തതിന് പിന്നാലെ സംസ്ഥാനത്ത് കനത്ത ജാഗ്രത. ഞായറാഴ്‌ച ഔറംഗാബാദിൽ നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന് പിന്നാലെ താക്കറെയ്‌ക്കെതിരെ മഹാരാഷ്‌ട്ര പൊലീസ് കേസെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇന്ന് (മെയ് 04) അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തേക്കും.
ഉച്ചഭാഷിണികളിലൂടെ ബാങ്ക് വിളി കേൾപ്പിക്കുമ്പോൾ അതിനേക്കാൾ ഇരട്ടി ശബ്‌ദത്തിൽ പള്ളികൾക്ക് മുന്നിൽ ഹനുമാൻ ചാലിസ കേൾപ്പിക്കണമെന്നായിരുന്നു രാജ് താക്കറെയുടെ ആഹ്വാനം. ബാങ്ക് വിളി കേട്ടാൽ ഉടൻ പൊലീസിൽ പരാതിപ്പെടണമെന്നും പള്ളികളിലെ ഉച്ചഭാഷിണി പ്രശ്‌നത്തിനെതിരെ പൊലീസിൽ നിവേദനം സമർപ്പിക്കാൻ ജനങ്ങൾ ഒന്നിക്കണമെന്നും താക്കറെ ആഹ്വാനം ചെയ്തിരുന്നു. വിഷയത്തിൽ ഭരണസഖ്യം ദുർബലമാണെന്ന് പ്രസ്‌താവിച്ച രാജ് താക്കറെ, നിവേദന കത്തിൽ ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി (എംവിഎ) സർക്കാരിനെ ശക്തമായി വിമർശിക്കാനും ആവശ്യപ്പെട്ടു.
'നിങ്ങൾ ഇതാണോ കേൾക്കാൻ പോകുന്നത്, അതോ നിങ്ങളെ അധികാരത്തിൽ നിലനിർത്താൻ കഴിവുള്ള മതേതരനായ ശരത് പവാറിനെയാണോ പിന്തുടരാൻ പോകുന്നത്? എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് മഹാരാഷ്‌ട്രയിലെ ജനങ്ങൾ സാക്ഷ്യപ്പെടുത്തട്ടെ. നമ്മുടെ രാജ്യത്തെ ഹിന്ദുക്കളെയെല്ലാം അറസ്റ്റ് ചെയ്യാൻ മാത്രമുള്ള ജയിലുകൾ ഇന്ത്യയിലില്ല എന്ന വസ്‌തുത സർക്കാർ തിരിച്ചറിയണം' എന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
മസ്‌ജിദുകൾക്ക് ഉച്ചഭാഷിണി ഉപയോഗിക്കാൻ നിയമവിരുദ്ധമായി സർക്കാർ അനുമതി നൽകിയത് എങ്ങനെയെന്ന ചോദ്യവും എംഎൻഎസ് മേധാവി ഉന്നയിച്ചു. മസ്‌ജിദുകൾക്ക് അനുമതി നൽകുമെങ്കിൽ ഹിന്ദു ക്ഷേത്രങ്ങൾക്കും ഉച്ചഭാഷിണി ഉപയോഗിക്കാൻ അനുമതി നൽകണമെന്നും താക്കറെ ആവശ്യപ്പെട്ടു. സാമൂഹിക പ്രശ്‌നത്തെ മതപരമാക്കി മാറ്റാനുള്ള നടപടികൾ സ്വീകരിച്ചാൽ തക്കതായ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.