ഗുണ്ടൂര്‍ (ആന്ധ്രാപ്രദേശ്) : മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ എരുമകളുമായി കര്‍ഷകരുടെ പ്രതിഷേധം. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണ് സംഭവം. കന്നുകാലികളെ വളര്‍ത്തുന്ന ബുറഗദ്ദ ശ്രീനിവാസനെതിരെ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചതിനെതിരെയാണ് ഒരു കൂട്ടം കര്‍ഷകര്‍ തങ്ങളുടെ എരുമകളുമായി ഗുണ്ടൂര്‍ കോര്‍പറേഷന്‍ വളഞ്ഞത്.
എരുമകളുടെ ഗന്ധം വമിക്കുന്നതിനാൽ വീട്ടിലിരിക്കാൻ പ്രയാസമാണെന്ന് ചൂണ്ടിക്കാട്ടി ശ്രീനിവാസന്‍റെ അയല്‍വാസി കോര്‍പറേഷനില്‍ പരാതിപ്പെട്ടിരുന്നു. പിന്നാലെ ശ്രീനിവാസന് വിഷയത്തില്‍ അധികൃതര്‍ നോട്ടിസ് അയച്ചു. ഇതിന് ശ്രീനിവാസന്‍റെ ഭാഗത്തുനിന്നും മറുപടി ലഭിക്കാതെ വന്നതോടെ കോര്‍പറേഷനിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ ഇയാളുടെ എരുമകളെ ഓഫിസ് വളപ്പില്‍ കൊണ്ട് കെട്ടി.
പരാതിയില്‍ ഉടന്‍ തീര്‍പ്പുണ്ടാക്കണമെന്നും, പാല്‍ വേണമെങ്കില്‍ ഓഫിസില്‍ വന്ന് എടുക്കാമെന്നും ശ്രീനിവാസനെ അറിയിച്ചു. എന്നാല്‍ രാവിലെ ഓഫിസിലേക്ക് എത്തിച്ച എരുമകള്‍ക്ക് തീറ്റ നല്‍കാത്തതിനെതിരെ ശ്രീനിവാസന്‍ രംഗത്തെത്തി. പിന്നാലെയാണ് ഇയാള്‍ക്ക് പിന്തുണയുമായി നാട്ടുകാരും എത്തിയത്.
പ്രാദേശിക പ്രശ്‌നങ്ങളെക്കുറിച്ച് പരാതിപ്പെട്ടാല്‍ ഉടൻ പ്രതികരിക്കാത്ത ജീവനക്കാരാണ് കന്നുകാലികളോട് ഇത്തരത്തിലുള്ള പെരുമാറ്റം നടത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കോര്‍പറേഷന്‍ അധികൃതര്‍ എരുമകളെ തിരികെ അയക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് എരുമകളുമായുള്ള സമരം നാട്ടുകാര്‍ അവസാനിപ്പിച്ചത്.