മുസാഫർപൂർ : ബിഹാറിലെ മുസാഫർപൂരിൽ വ്യവസായിയെയും അദ്ദേഹത്തിന്‍റെ സുരക്ഷ ഉദ്യോഗസ്ഥനെയും വെടിവച്ച് കൊലപ്പെടുത്തി. നാലംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ജൂലൈ 21നാണ് സംഭവം. അക്രമികളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
വ്യവസായിയായ അശുതോഷ് ഷാഹിയും അദ്ദേഹത്തിന്‍റെ സുരക്ഷ ഉദ്യോഗസ്ഥനുമാണ് മരിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. രണ്ട് ബൈക്കുകളിലായി എത്തിയ അക്രമികളാണ് വെടിയുതിർത്തത്. കൊല്ലപ്പെട്ട വ്യവസായിക്ക് വസ്‌തു ഇടപാടുകളും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ സ്വത്ത് തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു.
'വെടിവയ്‌പ്പിൽ രണ്ട് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. പരിക്കേറ്റവരെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് ബൈക്കുകളിലായെത്തിയ നാല് പേരാണ് വെടിയുതിർത്തത്. അന്വേഷണം ഇപ്പോൾ പ്രാഥമിക ഘട്ടത്തിലാണ്. വെടിവയ്പ്പിന് പിന്നിലെ കാരണം സ്വത്ത് തർക്കമാണെന്ന് സംശയമുണ്ട്' - എസ്എസ്‌പി രാകേഷ് കുമാർ പറഞ്ഞു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വസ്‌തു ഇടപാടുകാരനായി പ്രവർത്തിക്കുന്ന അശുതോഷ് ഷാഹിയാണ് മരിച്ചത്. അക്രമികൾ നടത്തിയ വെടിവയ്‌പിൽ ഇയാളുടെ സ്വകാര്യ സുരക്ഷ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. പരിക്കേറ്റ മൂന്ന് പേരിൽ അദ്ദേഹത്തിന്‍റെ അഭിഭാഷകനായ ഡോളർ എന്നറിയപ്പെടുന്ന സയ്യിദ് കാസിം ഹസൻ എന്നയാളും ഉൾപ്പെടുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു. ജാനകി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഭിഭാഷകന്‍റെ നില ഗുരുതരമാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഡല്‍ഹിയില്‍ സഹോദരിമാർ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം : ഡല്‍ഹിയില്‍ അജ്ഞാതരുടെ വെടിയേറ്റ് സഹോദരിമാര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ജൂണ്‍ 18നായിരുന്നു സംഭവം. ആര്‍ കെ പുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലുണ്ടായ ആക്രമണത്തില്‍ പിങ്കി (30), ജ്യോതി (29) എന്നിവരാണ് കൊല്ലപ്പെട്ടത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞിരുന്നു.
അജ്ഞാത സംഘത്തിന്‍റെ ആക്രമണത്തില്‍ ഇവരുടെ സഹോദരനും വെടിയേറ്റിരുന്നു. ഇയാളെ തെരഞ്ഞാണ് അക്രമികള്‍ എത്തിയതെന്നുമാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. അക്രമണത്തില്‍ പരിക്കേറ്റ ഇയാളാണ് വിവരം പുലര്‍ച്ചയോടെ പൊലീസില്‍ അറിയിച്ചത്. ഇതേ തുടര്‍ന്ന് സ്ഥലത്തേക്കെത്തിയ പൊലീസാണ് പിങ്കി, ജ്യോതി എന്നിവരെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ഇവരുടെ ജീവന്‍ രക്ഷിക്കാനായിരുന്നില്ല..
More Read : ഡൽഹിയിൽ സഹോദരിമാർ വെടിയേറ്റ് മരിച്ചു ; സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമെന്ന് പൊലീസ്
വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ വെടിവച്ച് കൊലപ്പടുത്തി : മധ്യപ്രദേശിൽ വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ യുവാവ് വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. ബസന്ത് വിഹാർ സ്വദേശിനിയാണ് മരിച്ചത്. സംഭവത്തിൽ മധ്യപ്രദേശ് സ്വദേശി ദീപക് റാത്തോറിനെ പൊലീസ് പിടികൂടി. യുവതിയോട് പലതവൾ പ്രതി വിവാഹ അഭ്യർഥന നടത്തിയിരുന്നു. എന്നാൽ യുവതി നിരസിക്കുകയായിരുന്നു. ശേഷം ഏപ്രിൽ 26 (ചൊവ്വാഴ്‌ച) ഒരു കേസുമായി ബന്ധപ്പെട്ട് യുവതി കോടതിയിലേയ്‌ക്ക് പോകാനൊരുങ്ങുമ്പോൾ ദീപക് വെടിയുതിർക്കുകയായിരുന്നു.