ജയ്‌പൂര്‍ : തിടുക്കത്തിലുള്ളതും വിവേചനപരവുമായ അറസ്റ്റ്, ജാമ്യം ലഭിക്കുന്നതിലുള്ള ബുദ്ധിമുട്ട്, വിചാരണ നീണ്ടുപോകുന്നത് തുടങ്ങിയ വിഷയങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ് എൻ.വി രമണ. രാജ്യത്തെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയിലെ നടപടിക്രമങ്ങള്‍ തന്നെ ഒരു ശിക്ഷയാണെന്നും എന്‍.വി രമണ പറഞ്ഞു. ജയ്‌പൂരില്‍ നടന്ന 18-ാമത് ഓള്‍ ഇന്ത്യ ലീഗല്‍ സര്‍വീസ് അതോറിറ്റീസ് മീറ്റിനെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.
മാധ്യമ പ്രവര്‍ത്തകനും ഫാക്‌റ്റ് ചെക്കിങ് വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസിന്‍റെ സഹസ്ഥാപകനുമായ മുഹമ്മദ് സുബൈർ, നടി കേതകി ചിത്തലെ എന്നിവരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉയരുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന്‍റെ പ്രതികരണം. 2018ലെ ഒരു ട്വീറ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം അറസ്റ്റിലായ മുഹമ്മദ് സുബൈറിന് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. ശരദ് പവാറിനെതിരെ സമൂഹ മാധ്യമത്തില്‍ കമന്‍റ് ചെയ്‌തതിന് അറസ്റ്റിലായ നടി കേതകി ചിത്തലെക്ക് 39 ദിവസത്തിന് ശേഷമാണ് ജാമ്യം കിട്ടിയത്.
'വെല്ലുവിളികൾ വളരെ വലുതാണ്. നമ്മുടെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയിൽ, നടപടിക്രമങ്ങള്‍ തന്നെ ഒരു ശിക്ഷയാണ്. തിടുക്കത്തിലുള്ള, വിവേചനപരമായ അറസ്റ്റും ജാമ്യം ലഭിക്കുന്നതിലുള്ള ബുദ്ധിമുട്ടും വിചാരണ നീണ്ടുപോകുന്നതും അടക്കമുള്ള വിഷയങ്ങളില്‍ അടിയന്തര ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്' - എന്‍.വി രമണ പറഞ്ഞു.
ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് സമഗ്രമായ പദ്ധതി ആവശ്യമാണെന്നും എന്‍.വി രമണ പറഞ്ഞു. 'സൂക്ഷ്‌മ ബോധത്തോടെ പെരുമാറാന്‍ പൊലീസിന് പരിശീലനം നല്‍കുന്നതും ജയിൽ സംവിധാനത്തിന്‍റെ നവീകരണവും ക്രിമിനൽ നീതിന്യായ വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന്‍റെ ഒരു വശം മാത്രമാണ്. നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയും ലീഗല്‍ സര്‍വീസ് അധികൃതരും മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ ശ്രദ്ധ പതിപ്പിക്കണം' - എന്‍.വി രമണ കൂട്ടിച്ചേർത്തു.
തടവുകാരെ നേരത്തെ മോചിപ്പിക്കുന്നത് കാര്യക്ഷമമാക്കാൻ ജാമ്യ നിയമം രൂപീകരിക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് നിദേശിച്ചിരുന്നു. രാഷ്ട്രീയമായ എതിർപ്പ് ശത്രുതയിലേക്ക് മാറുന്നുവെന്നും നിയമ നിർമാണത്തിന്‍റെ ഗുണനിലവാരം കുറയുകയാണെന്നും എന്‍.വി രമണ ആശങ്ക പ്രകടിപ്പിച്ചു.