ന്യൂഡൽഹി: ഖലിസ്ഥാൻ അനുകൂല സംഘടനകൾ ആസൂത്രണം ചെയ്യുന്ന ഭീകര പ്രവർത്തനങ്ങളെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസികൾക്ക് സൂചന ലഭിച്ചതിനെ തുടർന്ന് മുംബൈയിൽ അതീവ ജാഗ്രതാ നിർദേശം.
ലുധിയാന കോടതി സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന സിഖ്‌സ് ഫോർ ജസ്റ്റിസ് (SFJ) അംഗമായ ജസ്‌വീന്ദർ സിങ് മുൾട്ടാനിയെ ജർമ്മനിയിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെ, മുംബൈ, ഡൽഹി ഉൾപ്പെടെ വൻ നഗരങ്ങളിൽ തീവ്രവാദ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടതായി സൂചന ലഭിച്ചുവെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
READ MORE: ഖാലിസ്ഥാൻ ഭീഷണി: മുംബൈയില്‍ കനത്ത ജാഗ്രത
ഭീകരപ്രവർത്തനങ്ങൾക്കായി എസ്‌എഫ്‌ജെയ്ക്ക് പുറമേ മറ്റ് നിരോധിത ഖലിസ്ഥാൻ അനുകൂല സംഘടനകളും പാകിസ്ഥാന്‍റെ ഇന്‍റർ സർവീസസ് ഇന്‍റലിജൻസുമായി (ISI) ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്രമണ സൂചനകൾക്ക് പിന്നാലെ മുംബൈ പൊലീസിന് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൻ അടിയന്തര നടപടി സ്വീകരിക്കാനാണ് മുന്നറിയിപ്പ്. കൂടാതെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ദ്രുത പ്രതികരണ സംഘത്തെയും ബോംബ് സ്ക്വാഡുകളെയും വിന്യസിച്ചിട്ടുണ്ട്.
ഹോട്ടലുകളും റെസ്റ്റോറന്‍റുകളും ഉൾപ്പെടെ അടച്ചിട്ടതോ തുറസായതോ ആയ സ്ഥലങ്ങളിൽ പുതുവത്സര ആഘോഷങ്ങളും ഒത്തുചേരലും മുംബൈ പൊലീസ് ഇതിനകം നിരോധിച്ചിട്ടുണ്ട്.