നോയ്‌ഡ : മറ്റുള്ളവരെ തണുപ്പിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നതിന് പകരം സംസ്ഥാനത്ത് തൊഴിലവസരങ്ങൾ സൃഷ്‌ടിക്കണമെന്ന് യോഗി ആദിത്യനാഥിനെതിരെ പ്രിയങ്ക ഗാന്ധി. രാംപൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു പ്രിയങ്ക മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആഞ്ഞടിച്ചത്.
ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ തെറ്റായ നയങ്ങളിലൂടെ വ്യാപാര സ്ഥാപനങ്ങളെ നശിപ്പിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. അഞ്ച് വർഷമായി അധികാരത്തിലിരുന്നിട്ടും എന്തുകൊണ്ടാണ് സംസ്ഥാനത്ത് തൊഴിലവസരങ്ങളും ഒഴിവുകളും സൃഷ്‌ടിക്കാത്തത്. രാഷ്‌ട്രീയക്കാർ പറയുന്നത് ശ്രദ്ധിക്കുകയും അവർ വികസനത്തെയും ജനങ്ങളുടെ ക്ഷേമത്തെയും കുറിച്ചാണോ സംസാരിക്കുന്നത് എന്ന് മനസിലാക്കുകയും ചെയ്യണമെന്ന് പ്രിയങ്ക ഗാന്ധി വോട്ടർമാരോട് ആവശ്യപ്പെട്ടു.
ജോലി അവസരങ്ങൾ വരുന്ന പൊതുമേഖല സ്ഥാപനങ്ങൾ എല്ലാം സുഹൃത്തുക്കൾക്ക് വിറ്റു. തൊഴിവലസരങ്ങൾ സൃഷ്‌ടിക്കുന്ന എല്ലാ ചെറുകിട, ഇടത്തരം വ്യവസായങ്ങളെയും നിർമാണ യൂണിറ്റുകളെയും നോട്ട് നിരോധനത്തിലൂടെ ദുർബലമാക്കി. കള്ളപ്പണമുള്ളവർ സുഖ ജീവിതം നയിക്കുമ്പോൾ സർക്കാരിന്‍റെ സാമ്പത്തിക നയങ്ങൾ സാധാരണക്കാരെ ബാധിച്ചിരിക്കുകയാണ്.
ലക്ഷക്കണക്കിന് ചെറുകിട-ഇടത്തരം വ്യാപാരികളുടെ നാശത്തിന് തുടക്കമിട്ടത് നോട്ട് നിരോധനമാണ്. അതിനുശേഷം ജിഎസ്‌ടി ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ചു. കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണം കൈയ്യാളുന്ന ബിജെപി സർക്കാർ ജനങ്ങളുടെ ക്ഷേമത്തിനായി ഒന്നും ചെയ്‌തില്ല. കൊവിഡ് മഹാമാരി സമയത്ത് ആളുകൾക്ക് യാത്ര ചെയ്യാൻ കോൺഗ്രസ് സൗജന്യ ടിക്കറ്റ് നൽകിയതിലൂടെ കൊവിഡ് പരത്തുകയായിരുന്നുവെന്ന് പ്രധാനമന്ത്രി പറയുന്നു.
Also Read: യുപി ഒന്നാംഘട്ട പോളിങ് : 3 മണിവരെ 48.24 ശതമാനം പോളിങ്
കിലോമീറ്ററുകളോളം കാൽനടയായി നടക്കാൻ നിർബന്ധിതരായ ജനതയെ സഹായിച്ചതിലൂടെ ഞങ്ങൾ തെറ്റ് ചെയ്‌തുവെന്ന് പറയുന്ന പ്രധാനമന്ത്രിയുടെ ചിന്താപ്രക്രിയ ജനങ്ങൾ മനസിലാക്കണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ബിജെപി പാവപ്പെട്ടവരുടെ സർക്കാരല്ല, സമ്പന്നരുടെ സർക്കാരാണെന്നും പ്രിയങ്ക ആരോപിച്ചു.