ന്യൂഡൽഹി : കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രാജ്യസഭയിലേക്ക് മത്സരിച്ചേക്കും. പാർട്ടിയിലെ മുതിർന്ന നേതാക്കള്‍ വിഷയം സോണിയ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായാണ് സൂചന. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ജൂണ്‍ 10ന് മുമ്പ് സോണിയ ഗാന്ധി ഔദ്യോഗികമായി അറിയിക്കും.
2024 ല്‍ ലോക്സഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ കേന്ദ്ര സർക്കാരിനെതിരെ പാർലമെന്റിലെ ശബ്ദമാകാൻ പ്രിയങ്കയ്ക്ക് ആകുമെന്നാണ് മുതിർന്ന നേതാക്കളുടെ വിലയിരുത്തൽ. ലോക്സഭയിൽ രാഹുൽ ഗാന്ധിയും രാജ്യസഭയിൽ പ്രിയങ്ക ഗാന്ധിയും എത്തുന്നത് പാർലമെന്റിൽ ബിജെപിയെ ശക്തമായി നേരിടാൻ സഹായിക്കുമെന്നും നേതാക്കള്‍ പറയുന്നു.
ഛത്തീസ്ഗഡിലെ രണ്ട് സീറ്റുകളിൽ ഒന്നിൽ പ്രിയങ്കയെ മത്സരിപ്പിക്കാനാണ് ആലോചന. അതേസമയം പ്രിയങ്ക കോണ്‍ഗ്രസിന്റെ ദേശീയ മുഖമായ സാഹചര്യത്തിൽ പുതുമുഖത്തിന് അവസരം നൽകണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം.