ഷിംല: കര്‍ണാടകയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഹിമാചല്‍ പ്രദേശ് ഷിംലയിലെ ജഖു ക്ഷേത്രത്തില്‍ മനമുരുകി പ്രാര്‍ഥിച്ച് പ്രിയങ്ക ഗാന്ധി. വോട്ടണ്ണല്‍ തുടങ്ങി കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നുവെന്ന വാര്‍ത്തയ്‌ക്ക് പിന്നാലെയാണ് പ്രിയങ്ക ഗാന്ധി ക്ഷേത്രത്തിലെത്തിയത്. കണ്ണുകള്‍ അടച്ച് മനമുരുകി പ്രാര്‍ഥിക്കുന്ന പ്രിയങ്കയുടെ ദൃശ്യങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
കോണ്‍ഗ്രസ് ട്രിറ്ററില്‍ കുറിച്ചതിങ്ങനെ: 'ഇന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രീമതി പ്രിയങ്കഗാന്ധി ജി ഷിംലയിലെ പ്രശസ്‌തമായ ജഖു ഹനുമാൻ ക്ഷേത്രത്തിൽ പ്രാർഥന നടത്തി, രാജ്യത്തിന്‍റെ സന്തോഷത്തിനും സമൃദ്ധിക്കും വേണ്ടി പ്രാർഥിച്ചു' -പ്രിയങ്കയുടെ ക്ഷേത്ര പ്രവേശനവും പ്രാര്‍ഥനയുടെ ദൃശ്യങ്ങളും ട്വിറ്ററില്‍ പങ്കിട്ട് കോണ്‍ഗ്രസ് കുറിച്ചു. ട്വിറ്ററില്‍ കോണ്‍ഗ്രസ് പങ്കിട്ട ദൃശ്യങ്ങള്‍ക്ക് നിരവധി പേരാണ് കമന്‍റുകളുമായെത്തിയത്. 'Pooja did the magic' എന്ന് ഒരാള്‍ കമന്‍റില്‍ പറഞ്ഞു.
പ്രാര്‍ഥനയ്‌ക്കായി പ്രിയങ്ക ഗാന്ധി ക്ഷേത്രത്തിലെത്തിയപ്പോള്‍ നിരവധി പേര്‍ ക്ഷേത്രത്തിലുണ്ടായിരുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നും അതിനായി കഠിന പ്രയത്നം നടത്തിയ പ്രിയങ്ക അടക്കുള്ള നേതാക്കളെ അവര്‍ അഭിനനന്ദിക്കുകയും ചെയ്‌തു. തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ബജ്‌റംഗ്‌ദള്‍ പാര്‍ട്ടിയെ നിരോധിക്കുമെന്നുള്ള കോണ്‍ഗ്രസ് പ്രകടന പത്രികയെ തുടര്‍ന്ന് നിരവധി പരാമര്‍ശങ്ങളും പ്രതിഷേധങ്ങളുമാണ് തലപൊക്കിത്. പ്രധാനമന്ത്രി അടക്കമുള്ള മുന്‍നിര നേതാക്കള്‍ വരെ വിമര്‍ശനവുമായി രംഗത്തിറങ്ങിയിരുന്നു.
also read: കര്‍ണാടക തെരഞ്ഞെടുപ്പിലെ സ്‌ത്രീ സാന്നിധ്യം; മാറ്റുരച്ച് 184 വനിത സ്ഥാനാര്‍ഥികള്‍
പ്രധാനമന്ത്രിയുടെ പ്രതിഷേധവും പ്രചാരണവും: 'ജയ് ബജ്‌റംഗ് ബാലി' എന്ന് മുഴക്കി കൊണ്ട് നിരവധി വേദികളില്‍ പ്രധാനമന്ത്രി ബിജെപിക്കായി പ്രചാരണം നടത്തിയിരുന്നു. കോണ്‍ഗ്രസ് പ്രകടന പത്രികയ്‌ക്ക് എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിമര്‍ശനങ്ങള്‍ക്കിടയില്‍ ബജ്‌റംഗ്‌ദളിന്‍റെ ക്ഷേത്രമാണ് ജഖു എന്നും പറഞ്ഞിരുന്നു.
ക്ഷേത്ര സന്ദര്‍ശനത്തിനായി പ്രിയങ്ക ഗാന്ധിയും സോണിയ ഗാന്ധിയും ഇന്നലെയാണ് ഷിംലയിലെത്തിയത്. രാഹുല്‍ ഗാന്ധിയും ഇവര്‍ക്കൊപ്പം ചേരുമെന്നായിരുന്നു ലഭിച്ചിരുന്ന വിവരം.
കര്‍ണാടകയിലെ വിജയം കോണ്‍ഗ്രസിന് നിര്‍ണായകം: രാവിലെ 8 മണിക്ക് ആരംഭിച്ച വോട്ടെണ്ണലില്‍ കോണ്‍ഗ്രസാണ് മുന്നിട്ട് നില്‍ക്കുന്നത്. ഇതോടെ കര്‍ണാടകയില്‍ താമരയുടെ തണ്ടൊടിയുമെന്ന് പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ബിജെപിയുടെ ലീഡ് കുറഞ്ഞതോടെ കര്‍ണാടകയില്‍ പഴയ പ്രതാപം കെട്ടിപ്പടുക്കാനാകുമെന്നാണ് കോണ്‍ഗ്രസ് മുന്നണിയുടെ പ്രതീക്ഷ.
കര്‍ണാടകയിലെ ഇത്തവണത്തെ കോണ്‍ഗ്രസ് വിജയം ഇന്ത്യയിലെ രാഷ്‌ട്രീയം വരും കാലങ്ങളില്‍ കൂടുതല്‍ മാറ്റം വരുത്തുമെന്നുമാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍. 30 വര്‍ഷമായി സര്‍ക്കാര്‍ മാറി മാറി വരുന്ന സംസ്ഥാനത്ത് അധികാരം കൈപിടിയിലാക്കാന്‍ കോണ്‍ഗ്രസ് പ്രചാരണ സമയത്ത് കഠിന പ്രകടനം തന്നെയാണ് കാഴ്‌ച വച്ചത്.
രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് പുറമെ പ്രിയങ്ക ഗാന്ധിയും കര്‍ണാടകയില്‍ പ്രചാരണത്തിനെത്തിയിരുന്നു. മുന്‍നിര നേതാക്കളെല്ലാം നിരവധി റാലികളെ അഭിസംബോധന ചെയ്യുകയും റോഡ് ഷോകള്‍ നടത്തുകയും ചെയ്യുകയുണ്ടായി.
Also Read: കേവല ഭൂരിപക്ഷം കടന്ന് കോൺഗ്രസ്, എട്ട് മന്ത്രിമാർ പിന്നില്‍: കോൺഗ്രസ് ക്യാമ്പുകളില്‍ ആഘോഷം