ലഖ്‌നൗ : മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ തട്ടകമായ ഗോരഖ്‌പൂരിലെ റാലിയില്‍ കർഷകർക്ക് അനുകൂലമായ തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ പ്രഖ്യാപിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കാർഷിക വായ്‌പ എഴുതിത്തള്ളൽ, ഗോതമ്പിന്‍റെയും നെല്ലിന്‍റെയും താങ്ങുവില ക്വിന്‍റലിന് 2500 രൂപയാക്കല്‍, കരിമ്പിന്‍റെ താങ്ങുവില 400 രൂപയാക്കല്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പ്രിയങ്ക മുന്നോട്ടുവച്ചു.
കർഷകരെയും മത്സ്യത്തൊഴിലാളികളെയും സന്ദർശിച്ച പ്രിയങ്ക അവർക്ക് സഹായങ്ങൾ വാഗ്‌ദാനം ചെയ്‌തു. യുപിയില്‍ അധികാരത്തിൽ വന്നാൽ മത്സ്യബന്ധനത്തിന് കാർഷികവൃത്തിക്ക് സമാനമായ അംഗീകാരം ഉറപ്പാക്കും. കൃഷിക്ക് എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുമെന്നും പ്രിയങ്ക അറിയിച്ചു.
Also Read: സംസ്ഥാനത്ത് 7167 പേര്‍ക്ക് കൂടി COVID 19 ; 14 മരണം
മണൽ ഖനനം, മത്സ്യബന്ധനം തുടങ്ങിയവയിൽ നിഷാദ് സമുദായത്തിന്‍റെ എല്ലാ അവകാശങ്ങളും പുനസ്ഥാപിക്കുമെന്നും ഗുരു മചേന്ദ്രനാഥിന്‍റെ പേരിൽ സർവകലാശാല സ്ഥാപിക്കുമെന്നും പ്രിയങ്ക പറഞ്ഞു. കന്നുകാലികള്‍ അലഞ്ഞുതിരിയുന്ന പ്രശ്‌നത്തിന് ഛത്തീസ്‌ഗഡ് മാതൃകയിൽ പരിഹാരമൊരുക്കുമെന്നും പ്രിയങ്ക പറഞ്ഞു.
20 ലക്ഷം യുവാക്കൾക്ക് സർക്കാർ ജോലി നൽകും. കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു. അങ്കണവാടി ജീവനക്കാർക്ക് 10,000 രൂപ ഓണറേറിയവും സ്ത്രീകൾക്ക് ഒരു വർഷത്തിൽ മൂന്ന് സൗജന്യ സിലിണ്ടറുകളും പ്രിയങ്ക വാഗ്‌ദാനം ചെയ്‌തു.
ഏത് അസുഖത്തിനുമുള്ള 10 ലക്ഷം രൂപ വരെയുള്ള ചികിത്സാചെലവ് സർക്കാർ വഹിക്കും. കൊവിഡ് മൂലം ഉപജീവനമാർഗം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് 25,000 രൂപ നൽകുമെന്നും പ്രിയങ്ക ഗാന്ധി റാലിയെ അഭിസംബോധന ചെയ്യവെ വ്യക്തമാക്കി.