ജയ്‌സാൽമർ: സൈനികർക്കൊപ്പം ദീപാവലി ആഘോഷത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജയ്‌സാൽമീറിലെത്തി. പ്രത്യേക വിമാനത്തിൽ പ്രധാനമന്ത്രി ജയ്‌സാൽമീറിലെ വ്യോമസേനാ സ്റ്റേഷനിലെത്തിയെന്ന് റിപ്പോർട്ടുകൾ. എയർ പോർട്ട് ക്യാമ്പസിലെ വ്യോമസേനയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.തുടർന്ന് ഇന്തോ-പാക് അതിർത്തിയിലെ ലോങ്‌വാല പോസ്റ്റിലേക്ക് പ്രധാനമന്ത്രി തിരിക്കും.
1971ലെ യുദ്ധത്തിലെ ധൈര്യത്തിന്‍റെ പ്രതീകമായി കണക്കാക്കപ്പെടുന്നതാണ് ലോങ്‌വാല പോസ്റ്റ്. ബിഎസ്‌എഫ് ഡയറക്ടർ ജനറൽ രാഖേഷ് അസ്‌താന ഈ പ്രദേശത്തെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത്, ആർമി ചീഫ് എം എം നർവാനെ എന്നിവരും സ്ഥലത്തെത്തും. 2014 മുതൽ തുടർച്ചയായി ദീപാവലി ദിനത്തിൽ പ്രധാനമന്ത്രി പ്രദേശം സന്ദർശിക്കുന്നുണ്ട്.