അഹമ്മദാബാദ് (ഗുജറാത്ത്): മാതാവിന്‍റെ വേർപാടിനിടയിലും ഔദ്യോഗിക കൃത്യ നിര്‍വഹണം മുടക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധിനഗറിലിരുന്ന് കൊണ്ടുതന്നെ പ്രധാനമന്ത്രി നേരത്തെ നിശ്ചയിച്ചിരുന്ന പരിപാടികളിൽ പങ്കെടുത്തു. ബംഗാള്‍ റെയില്‍ ഗതാഗത വികസനത്തിനായി വന്ദേ ഭാരത് എക്‌സ്പ്രസിന്‍റേയും മെട്രോയുടേയും സര്‍വീസുകള്‍ക്കാണ് പ്രധാനമന്ത്രി ഇന്ന് തുടക്കമിട്ടത്.
കൂടാതെ റെയില്‍വേ വികസനത്തിനുള്ള വിവിധ പദ്ധതികളും നരേന്ദ്രമോദി ഇതോടൊപ്പം ഉദ്ഘാടനം ചെയ്‌തു. അമ്മയുടെ വേർപാടിലും ഇന്ന് ഔദ്യോഗികമായി തീരുമാനിച്ചിരിക്കുന്ന ഒരു പരിപാടികളും മാറ്റമില്ലാതെ നടക്കുമെന്നും പ്രധാനമന്ത്രി വെർച്വൽ സംവിധാനത്തിലൂടെ പങ്കെടുക്കുമെന്നും ഓഫിസ് വൃത്തങ്ങൾ അറിയിച്ചിരുന്നു.
മാതാവിന്‍റെ വിയോഗവാർത്ത അറിഞ്ഞതിന് പിന്നാലെ ഡൽഹിയിൽ നിന്നും ഗാന്ധിനഗറിലെ വീട്ടിലേക്ക് പ്രധാനമന്ത്രി എത്തുകയായിരുന്നു. നരേന്ദ്രമോദിയും സഹോദങ്ങളും ബന്ധുമിത്രാദികളും ചേർന്നാണ് സംസ്‌കാര ചടങ്ങുകൾ നടത്തിയത്. അമ്മയുടെ ഭൗതികശരീരം തോളിലേറ്റിയാണ് നരേന്ദ്ര മോദി ബന്ധുക്കൾക്കൊപ്പം ശ്‌മശാനഭൂമിയിലേക്ക് നടന്നത്.
കനത്ത സുരക്ഷയോടെ വിലാപയാത്രയായി മൃതദേഹം ശ്‌മശാനത്തിലേക്ക് കൊണ്ടു പോകുകയും ഒൻപതരയോടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയാവുകയും ചെയ്‌തു. സഹോദരന്‍ സോമഭായിയും മോദിയും ഒരുമിച്ചാണ് അമ്മയുടെ ചിതയ്ക്ക് തീ കൊളുത്തിയത്.
പ്രധാനമന്ത്രിയും കുടുംബാംഗങ്ങളും ജനങ്ങളുടെ പ്രാർഥനയിൽ നന്ദി അറിയിച്ചു. എന്നാൽ ഹീരാബെന്നിനോടുള്ള ആദരസൂചകമായി എല്ലാവരും അവരവരുടെ ജോലിയിൽ ഏർപ്പെടണം. അതായിരിക്കും ഹീരാബെന്നിന് നൽകാൻ കഴിയുന്ന മികച്ച അന്ത്യാജ്ഞലി എന്നും കുടുംബം അറിയിച്ചു. സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തതിന് പിന്നാലെ മോദി ഔദ്യോഗിക ചടങ്ങുകളിലേക്ക് കടക്കുകയായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു ഹീരാബെന്‍ മോദിയുടെ അന്ത്യം.