ജമ്മു: ജമ്മുവിൽ എത്തിച്ചേർന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സംബ ജില്ലയിലെ പല്ലി ഗ്രാമ പഞ്ചായത്തിൽ പഞ്ചായത്തി രാജ് ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയെ അഭിസംബോധന ചെയ്‌തു. ആഘോഷങ്ങളിൽ പങ്കെടുക്കാനായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി സർപഞ്ച്, പഞ്ച്, ബിഡിസി, ഡിഡിസി അംഗങ്ങളും ജമ്മുവിൽ എത്തിച്ചേർന്നിട്ടുണ്ട്. ഇവർക്ക് ജമ്മുവിലെ വിവിധ ഹോട്ടലുകളിൽ രാത്രി തങ്ങാൻ ജമ്മു കശ്മീർ ഭരണകൂടം സൗകര്യമൊരുക്കിയിട്ടുണ്ട്.
ഐഎൻടിഎസിഎച്ച് ഫോട്ടോ ഗാലറി സന്ദർശിച്ചു കൊണ്ടായിരുന്നു മോദിയുടെ ജമ്മു സന്ദർശനം ആരംഭിച്ചത്. ജമ്മു കശ്‌മീർ ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ പ്രധാനമന്ത്രിയെ അനുഗമിച്ചു. സംസ്ഥാനത്ത് 20,000 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്‌ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.
ഡൽഹി-അമൃത്സർ-കത്ര എക്‌സ്‌പ്രസ് വേയുടെ തറക്കല്ലിടൽ നിർവഹിച്ച മോദി സാംബയിലെ 108 ജൻ ഔഷധി കേന്ദ്രങ്ങളുടെയും പല്ലി ഗ്രാമത്തിലെ 500കെവി സോളാർ പവർ പ്ലാന്‍റിന്‍റെയും ഉദ്ഘാടനം നിർവഹിച്ചു. അമൃത് സരോവർ പദ്ധതിക്കും മോദി തുടക്കം കുറിച്ചു.
മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഗ്രാമത്തിൽ അതിവേഗ വികസന പ്രവർത്തനങ്ങൾ നടത്തിയിരുന്നു. തെരുവോരങ്ങൾ വൃത്തിയാക്കുകയും സ്‌കൂൾ നവീകരിക്കുകയും റോഡുകൾ ടാർ ചെയ്യുകയും ചെയ്‌തുവെന്ന് ജനങ്ങൾ പറയുന്നു.
Also Read: പ്രധാനമന്ത്രി ഇന്ന് കശ്‌മീരിലെത്തും; 370-ാം അനുച്ഛേദം റദ്ദാക്കിയശേഷമുള്ള ആദ്യ സന്ദര്‍ശനം