ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം ചേരും (Prime Minister Modi Covid review meeting). കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം രാജ്യത്തെ ഒമിക്രോണ്‍ (Omicron) കേസുകളുടെ എണ്ണം 213 ആയി ഉയർന്ന സാഹചര്യത്തിലാണ് അവലോകന യോഗം.
ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിൽ ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും മൊത്തം കേസുകളില്‍ 90 പേർ ഡിസ്ചാർജ് ചെയ്യപ്പെട്ടുവെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. 57 പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്‌ത ഡല്‍ഹിയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകളുള്ളത്. 54 കേസുകളുള്ള മഹാരാഷ്‌ട്രയാണ് രണ്ടാം സ്ഥാനത്ത്.
അതേസമയം ഒമിക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തിൽ, വാർ റൂമുകൾ സജ്ജമാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡെൽറ്റ വകഭേദത്തേക്കള്‍ മൂന്നിരട്ടി കൂടുതൽ പകരാൻ ശേഷിയുള്ളതാണ് പുതിയ കൊവിഡ് വകഭേദമായ ഒമിക്രോണെന്നും ഇതിന്‍റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കണമെന്നും മുന്നറിയിപ്പുണ്ട്.