ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങളില്‍ ആശംസയുമായി രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്. സന്തോഷം പങ്കുവെക്കുന്നതിലൂടെ പാവപ്പെട്ടവര്‍ക്ക് പ്രതീക്ഷയുടെയും ക്ഷേമത്തിന്‍റെയും വിളക്കാകാന്‍ ആളുകളോട് പ്രസിഡന്‍റ് ആവശ്യപ്പെട്ടു. ദീപാവലി ദിനത്തില്‍ മലിനീകരണമില്ലാതെ, പരിസ്ഥിതി സൗഹാര്‍ദമായി ആഘോഷിക്കണമെന്നും പ്രകൃതിയെ ബഹുമാനിക്കണമെന്നും രാഷ്‌ട്രപതി ജനങ്ങളോട് ആവശ്യപ്പെട്ടു. വിവിധ മതവിഭാഗങ്ങളിലെ ജനങ്ങള്‍ ആഘോഷിക്കുന്ന ദീപാവലി ജനങ്ങള്‍ക്കിടയില്‍ ഐക്യവും സാഹോദര്യവും ശക്തിപ്പെടുത്തുന്നു. മാനുഷിക നന്മയ്‌ക്കായി ഒരുമിക്കാന്‍ ദീപാവലി പ്രചോദിപ്പിക്കുന്നുവെന്നും രാം നാഥ് കോവിന്ദ് പറഞ്ഞു.
ദീപാവലി ആഘോഷവേളയിൽ ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന എല്ലാ പൗരന്മാർക്കും ഹൃദയം നിറഞ്ഞ ആശംസകളും രാഷ്‌ട്രപതി നേര്‍ന്നു. ദീപങ്ങളുടെ ഈ ഉത്സവം രാജ്യത്തെ ഓരോ വീടുകളിലും ആനന്ദവും സമാധാനവും സമൃദ്ധിയും നല്‍കട്ടെയെന്നും രാം നാഥ് കോവിന്ദ് ആശംസിച്ചു.