ന്യൂഡൽഹി: കാര്‍ഷിക നിയമം അസാധുവാക്കൽ ബില്ലിൽ രാഷ്‌ട്രപതി ഒപ്പുവെച്ചതോടെ മൂന്ന് കാര്‍ഷിക നിയമങ്ങൾ റദ്ദായി. നവംബർ 29ന് ബിൽ ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയിരുന്നു. ബില്ലിൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം നിരാകരിച്ച് ശബ്ദ വോട്ടോടെയാണ് ബിൽ ലോക്‌സഭയിൽ പാസായത്.
കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് ലോക്‌സഭയിൽ ബില്‍ അവതരിപ്പിച്ചത്. ലോക്‌സഭ ചേര്‍ന്നയുടന്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്ലില്‍ ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധമുയര്‍ത്തുകയായിരുന്നു.
കഴിഞ്ഞ വർഷം സെപ്‌റ്റബറിലാണ് മൂന്ന് കാർഷിക നിയമങ്ങൾ പാർലമെന്‍റ് പാസാക്കിയത്. എന്നാൽ കാർഷിക നിയമം മനസിലാക്കുന്നതിൽ ഒരു വിഭാഗം കർഷകർ പരാജയപ്പെട്ടെന്നും എന്നതിനാൽ മാത്രമാണ് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
പാർലമെന്‍റ് ശൈത്യകാല സമ്മേളനത്തിൽ ആദ്യ ബില്ലായാണ് കാർഷിക നിയമങ്ങൾ അസാധുവാക്കൽ ബിൽ സഭയിലെത്തിയത്. ഡിസംബർ 23നാണ് ശൈത്യകാല സമ്മേളനം അവസാനിക്കുന്നത്.
READ MORE: Bill To Cancel Farm Laws: കാര്‍ഷിക നിയമം അസാധുവാക്കൽ ബില്‍ പാര്‍ലമെന്‍റില്‍ പാസായി