കാസിരംഗ : മൂന്നു ദിവസത്തെ അസം സന്ദർശനത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആന സവാരി ആസ്വദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങൾ വലിയ രീതിയിൽ ഏറ്റെടുത്തിരിക്കുന്നത്. ഞായറാഴ്ച (27.02.22) രാവിലെയോടെ കാസിരംഗ ദേശീയ ഉദ്യാനം സന്ദർശിക്കാനെത്തിയ രാഷ്ട്രപതി ഇവിടത്തെ പ്രധാന ആകർഷണമായ ആന സവാരി നടത്തുകയായിരുന്നു.
അദ്ദേഹത്തിന്‍റെ സന്ദർശനം കണക്കിലെടുത്ത് സുരക്ഷ മുൻകരുതലെന്നോണം ഫെബ്രുവരി 26 മുതൽ 27 വരെ പൊതുജനങ്ങൾക്ക് ദേശീയ ഉദ്യാനത്തിൽ ഭാഗികമായി നിയന്ത്രണം ഏർപ്പെടുത്തി. ബുരാപഹാർ, അഗോറത്തോളി എന്നിവ ഒഴികെയുള്ള എല്ലാ റേഞ്ചുകളിലും വിനോദസഞ്ചാരികൾക്കായി ആന സവാരി, ജീപ്പ് സഫാരി എന്നിവ നടത്തില്ലെന്ന് ഫെബ്രുവരി 23ന് കാസിരംഗ നാഷണൽ പാർക്ക് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
തേസ്‌പൂർ സർവകലാശാലയുടെ 19-ാമത് ബിരുദദാനച്ചടങ്ങിൽ പങ്കെടുത്തതിന് ശേഷം ശനിയാഴ്‌ച വൈകുന്നേരമാണ് മൂന്നു ദിവസത്തെ അസം സന്ദർശനത്തിനായി രാഷ്ട്രപതി കാസിരംഗയിലെത്തിയത്. ഞായറാഴ്‌ച വനംവകുപ്പ് ഉദ്യോഗസ്ഥർക്കും സംസ്ഥാന സർക്കാരിനുമൊപ്പം കൊഹോറയിൽ നടക്കുന്ന പ്രത്യേക പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.