ന്യൂഡൽഹി: 16-ാമത് രാഷ്‌ട്രപതി തെരഞ്ഞെടുപ്പിന്‍റെ സമയക്രമം പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. ജൂൺ 15ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ജൂലൈ 18നാണ് തെരഞ്ഞെടുപ്പ്.
പത്രിക ജൂൺ 29 വരെ നൽകാം. ജൂലൈ 21നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും. പുതിയ രാഷ്ട്രപതി ജൂലൈ 25ന് സത്യപ്രതിജ്ഞ ചെയ്യും. ആകെ വോട്ടർമാർ 4809. 4033 എംഎൽഎമാരും 776 എംപിമാരും. ആകെ വോട്ട് മൂല്യം 10,86,431. ഡൽഹിയിലാണ് വോട്ടെണ്ണൽ.
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ കാലാവധി ജൂലൈ 24ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ്. രാജ്യസഭ സെക്രട്ടറി ജനറലാണ് തെരഞ്ഞെടുപ്പ് വരണാധികാരി. കോഴയോ സമ്മർദമോ കണ്ടാൽ തെരഞ്ഞെടുപ്പ് റദ്ദാക്കും. തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകുന്ന പേന ഉപയോഗിച്ചില്ലെങ്കിൽ വോട്ട് അസാധുവാകും. രാഷ്‌ട്രീയ പാർട്ടികൾക്ക് വിപ്പ് നൽകാനാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
15 സംസ്ഥാനങ്ങളിലെ ഒഴിവുള്ള 57 രാജ്യസഭ സീറ്റുകളിലേക്ക് വോട്ടെടുപ്പ് ജൂണ്‍ 10ന് നടക്കാനിരിക്കെയാണ് രാഷ്‌ട്രപതി തെരഞ്ഞെടുപ്പിനുള്ള സമയക്രമം പ്രഖ്യാപിച്ചിരിക്കുന്നത്.