ന്യൂഡല്‍ഹി: എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങില്‍ രാഷ്‌ട്രപതി ദ്രൗപതി മുര്‍മു പങ്കെടുക്കും. ഇതിനായി സെപ്‌റ്റംബര്‍ 17 മുതല്‍ 19 വരെ രാഷ്‌ട്രപതി ലണ്ടൻ സന്ദര്‍ശിക്കും. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്‌ട്രപതി അനുശോചനം രേഖപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സെപ്റ്റംബര്‍ എട്ടിനാണ് എലിസബത്ത് രാജ്ഞി അന്തരിച്ചത്. രാഷ്‌ട്രപതി ദ്രൗപതി മുര്‍മു, ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കര്‍ സെപ്റ്റംബര്‍ 12ന് ഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷന്‍ സന്ദര്‍ശിച്ച് അനുശോചനം രേഖപ്പെടുത്തി.
Read More: നാലുനാള്‍ പൊതുദര്‍ശനം ; എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം സെപ്‌റ്റംബർ 19ന്
എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്‌ച ഒരു ദിവസത്തെ ദേശീയ ദുഃഖാചരണവും നടത്തിയിരുന്നു. 70 വര്‍ഷത്തെ എലിസബത്ത് രാജ്ഞിയുടെ രാജവാഴ്‌ച കാലത്ത് ഇന്ത്യ-യുകെ ബന്ധം ശക്തിപ്പെടുകയും നിരവധി മേഖലകളില്‍ ബന്ധം വിപുലപ്പെടുകയും ചെയ്‌തു.
കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ പ്രതീകാത്മക മേധാവി എന്ന നിലയില്‍ ലോകത്തെ ദശലക്ഷക്കണക്കിന് ആളുകളുടെ ക്ഷേമത്തില്‍ എലിസബത്ത് രാജ്ഞി നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം ഇറക്കിയ വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ 19ന് വെസ്റ്റ്മിനിസ്റ്റര്‍ ആബെ പള്ളിയില്‍ വച്ച് ഔദ്യോഗിക ബഹുമതികളോടെയാണ് എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം നടക്കുക.