ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ഡി.വൈ.ചന്ദ്രചൂഡിനെ രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു. അടുത്ത മാസം ഒൻപതിനു ചുമതലയേൽക്കും. കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവാണ് ഈ വിവരം ട്വീറ്റ് ചെയ്‌തത്.
നിലവിലെ ചീഫ് ജസ്റ്റിസ് യു.യു. ലളിത് നവംബർ എട്ടിനാണ് പദവിയിൽ നിന്ന് വിരമിക്കുന്നത്. ജസ്റ്റിസ് ചന്ദ്രചൂഡിനെ ചീഫ് ജസ്റ്റിസായി നിയമിക്കണമെന്ന് കഴിഞ്ഞ ദിവസം നിലവിലെ ചീഫ് ജസ്റ്റിസ് യു.യു ലളിത് കേന്ദ്ര നിയമ മന്ത്രാലയത്തിന് ശിപാർശ ചെയ്‌തിരുന്നു.
ഇന്ത്യയുടെ 50-മത് ചീഫ് ജസ്റ്റിസ് ആണ് ഡോ. ധനഞ്ജയ് യശ്വന്ത് ചന്ദ്രചൂഡ് എന്ന ഡി.വൈ ചന്ദ്രചൂഡ്. ചീഫ് ജസ്റ്റിസ് പദവിയിൽ രണ്ട് വർഷത്തെ കാലാവധിയുള്ള അദ്ദേഹം 2024 നവംബർ 10ന് വിരമിക്കും. സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ചീഫ് ജസ്റ്റിസ് ആയിരുന്ന വൈ.വി. ചന്ദ്രചൂഡിന്‍റെ മകനാണ് ഡി.വൈ. ചന്ദ്രചൂഡ്.
1998ൽ കേന്ദ്ര സർക്കാറിന്‍റെ അഡീഷണൽ സോളിസിറ്റർ ജനറലായി സേവനമനുഷ്ഠിച്ച ജസ്റ്റിസ് ചന്ദ്രചൂഡ് 2000 മാർച്ച് 29ന് ബോംബെ ഹൈകോടതി അഡീഷണൽ ജഡ്ജിയായി ചുമതലയേറ്റു. 2013ൽ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2016 മെയ് 13ന് സുപ്രീം കോടതി ജഡ്ജിയായി നിയമിതനായി.