ചെന്നൈ: നാല്‍പത്തിനാലാമത് അന്താരാഷ്‌ട്ര ചെസ് ഒളിമ്പ്യാര്‍ഡിന് ചെന്നൈയില്‍ തുടക്കമായി. ഇന്ത്യയ്ക്കായി വനിത വിഭാഗത്തില്‍ മത്സരിക്കുന്ന എട്ട് മാസം ഗര്‍ഭിണിയായ ഹരിക ഉള്‍പ്പടെ 187 രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തിലധികം മത്സരാര്‍ത്ഥികളാണ് ചെസ് ഒളിമ്പ്യാഡില്‍ മാറ്റുരയ്ക്കുന്നത്.
കരുക്കൾ നീക്കാനെത്തിയ ഗർഭിണി: ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയാണ് ഹരിക. ആറാം വയസിലാണ് ഹരിക ചെസ് കളിച്ചുതുടങ്ങിയത്. ഒമ്പതാം വയസ്സിൽ ദേശീയ ചെസ് ചാമ്പ്യൻ പട്ടവും പത്താം വയസ്സിൽ ദേശീയ ചെസ് ടൂർണമെന്റിൽ മെഡലും സ്വന്തമാക്കി.
12-ാം വയസ്സിൽ വനിത ഗ്രാന്‍ഡ്‌മാസ്റ്റര്‍ കിരീടം സ്വന്തമാക്കിയ ഹരിക ഏഷ്യയിൽ വനിത ഗ്രാൻഡ്‌മാസ്റ്റർ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായി. ഇന്ത്യയിൽ ഗ്രാന്‍ഡ്‌മാസ്റ്റര്‍ പട്ടം നേടുന്ന രണ്ടാമത്തെ വനിത എന്ന റെക്കോഡും ഹരിക നേടി. 2008ല്‍ അന്താരാഷ്ട്ര ചെസ് മത്സരത്തില്‍ ചാമ്പ്യനായ ഹരികയെ അര്‍ജുന അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ചു.
2012, 2015, 2017 എന്നീ വര്‍ഷങ്ങളില്‍ അന്താരാഷ്‌ട്ര വനിത ചെസ് വിഭാഗത്തില്‍ വെള്ളിമെഡലും കരസ്ഥമാക്കി. തന്‍റെ നേട്ടങ്ങളുടെ ഫലമായി 2019ല്‍ രാജ്യം ഹരികയ്ക്ക് പദ്‌മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. 2004 മുതല്‍ ഒളിമ്പ്യാഡ് പരമ്പരയില്‍ ഇന്ത്യയ്ക്ക് വേണ്ടി മത്സരിക്കുന്ന വ്യക്തിയാണ് ഹരിക.
തന്‍റെ കുട്ടിയെ വഹിച്ചുകൊണ്ട് വിജയം കരസ്ഥമാക്കണം എന്നതാണ് ഹരികയുടെ സ്വപ്‌നം. സ്വര്‍ണമെഡല്‍ സ്വന്തമാക്കാന്‍ മാനസികമായും ശാരീരികമായും ഹരിക തയ്യാറെടുത്തു കഴിഞ്ഞു. എട്ട് മാസം ഗർഭിണിയായതിനാൽ മാമല്ലപുരം ചെസ് ഒളിമ്പ്യാഡിൽ ഹരികയ്ക്കായി പ്രത്യേക സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഹരികയ്ക്കായി പ്രത്യേക ആംബുലന്‍സ് സജ്ജമാക്കുകയും മെഡിക്കൽ ടീമെന്ന നിലയിൽ പ്രത്യേക ശ്രദ്ധ നൽകുകയും ചെയ്യുന്നുണ്ടെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് മന്ത്രി എം സുബ്രഹ്മണ്യൻ പറഞ്ഞു. ടൂര്‍ണമെന്‍റിന് വേണ്ടിയുള്ള ഹരികയുടെ സമര്‍പ്പണം വലുതാണെന്നും ഹരിക ഇന്ത്യയുടെ അഭിമാനമാണെന്നും ഇന്ത്യന്‍ ചെസ് ഫെഡറേഷന്‍ പ്രസിഡന്‍റ് സഞ്‌ജയ് കപൂര്‍ പറഞ്ഞു. താന്‍ ഗര്‍ഭിണിയായത് കൊണ്ടാവാം തനിക്ക് പ്രത്യേക ശ്രദ്ധ നല്‍കുന്നത്. എന്നാല്‍, തന്നെ സംബന്ധിച്ചിടത്തോളം താന്‍ ഒരു മത്സരാര്‍ത്ഥി മാത്രമാണെന്ന് ഗ്രാന്‍ഡ്‌മാസ്റ്റര്‍ ഹരിക മറുപടി പറഞ്ഞു.