മുംബൈ : ഓടുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കവെ പ്ലാറ്റ്ഫോമിൽ വീഴാനാഞ്ഞ ഗർഭിണിക്ക് രക്ഷകനായി ആർപിഎഫ് ഉദ്യോഗസ്ഥൻ. പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിലേക്ക് യുവതി വഴുതി വീഴാൻ പോകവേ ആർപിഎഫ് ഉദ്യോഗസ്ഥൻ ഖണ്ഡേക്കർ പ്ലാറ്റ്ഫോമിലേക്ക് വലിച്ചുകയറ്റി രക്ഷിക്കുകയായിരുന്നു.
താനെയിലെ കല്യാൺ റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്ഫോമിലാണ് സംഭവം. പ്ലാറ്റ്ഫോമിൽ ഗോരഖ്പൂർ എക്സ്പ്രസിനായി മകനും ഗർഭിണിയായ ഭാര്യയ്ക്കുമൊപ്പം കാത്തുനില്ക്കുകയായിരുന്നു ചന്ദ്രേഷ്. എന്നാല്‍ ഇവര്‍ ട്രെയിന്‍ മാറിക്കയറി. അബദ്ധം മനസിലാക്കി ട്രെയിനിൽ നിന്ന് ഇറങ്ങാൻ തുടങ്ങുമ്പോഴേക്ക് വണ്ടി സ്റ്റേഷനിൽ നിന്നെടുത്തിരുന്നു.
ചന്ദ്രേഷും മകനും ട്രെയിനിൽ നിന്ന് സുരക്ഷിതമായി ചാടിയിറങ്ങിയെങ്കിലും എട്ട് മാസം ഗർഭിണിയായ ഭാര്യ പ്ലാറ്റ്ഫോമിലേക്ക് വീഴാനാഞ്ഞു. പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലുള്ള വിടവിലേക്ക് വീഴാൻ പോകുന്നത് ശ്രദ്ധയിൽപ്പെട്ട ഖണ്ഡേക്കർ ഓടിവന്ന് യുവതിയെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചുകയറ്റി രക്ഷിക്കുകയായിരുന്നു.
ഒരേ സമയം രണ്ട് ജീവനുകൾ രക്ഷിച്ചതിന് ഖണ്ഡേക്കറിന് ധാരാളം പേരുടെ പ്രശംസയാണ് ലഭിക്കുന്നത്.