ന്യൂഡൽഹി: പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിനിടെ പ്രശാന്ത് കിഷോറിന്‍റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതായി ആംനസ്റ്റി ഇന്‍റർനാഷണലിന്‍റെ സെക്യൂരിറ്റി ലാബ് പരിശോധന ഫലം. പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറായിരുന്നു ബംഗാളില്‍ തൃണമൂൽ കോൺഗ്രസിന്‍റെ പ്രചാരണത്തിന്‍റെ തന്ത്രങ്ങൾ മെനഞ്ഞത്. ജൂണില്‍ 14 ദിവസങ്ങളിലും ജൂലൈയിൽ 12 ദിവസങ്ങളിലും പ്രശാന്തിന്‍റെ ഫോണിൽ പെഗാസസ് ചാരസോഫ്‌റ്റ് വെയറിന്‍റെ സാന്നിധ്യമുണ്ടായിട്ടുണ്ട്.
പട്ടികയില്‍ മമതയുടെ സെക്രട്ടറിയും
അതേസമയം, അഞ്ചുതവണ താന്‍ മൊബൈല്‍ മാറ്റിയിട്ടും ഹാക്കിങ് നേരിടേണ്ടി വന്നുവെന്ന് പ്രശാന്ത് കിഷോര്‍ പ്രതികരിച്ചു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനും തൃണമൂൽ എം.എൽ.എയുമായ അഭിഷേക് ബാനർജിയുടെ ഫോണും ചോര്‍ത്തിയിട്ടുണ്ട്. മമതയുടെ പേഴ്‌സണൽ സെക്രട്ടറിയും പട്ടികയിലുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കം നിരവധി പ്രമുഖരുടെ ഫോൺ സംഭാഷണം പെഗാസസ് ചോർത്തിയിട്ടുണ്ട്.
രാഹുൽ ഗാന്ധിക്ക് പുറമെ അദ്ദേഹത്തിന്‍റെ ഏറ്റവും അടുത്ത അഞ്ച് സുഹൃത്തുക്കളുടെയും ഫോൺ സംഭാഷണങ്ങളടക്കം ചോർത്തി. "ദ വയര്‍" ഓണ്‍ലൈന്‍ മാധ്യമമാണ് വിവരം പുറത്തുവിട്ടത്. രണ്ട് പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തിയെന്ന രീതിയിൽ നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇത് ആരുടെയൊക്കെയാണെന്ന് വ്യക്തമല്ലായിരുന്നു. 2019 തെരഞ്ഞെടുപ്പ് സമയത്താണ് ഫോൺ ചോർത്തിയത് എന്നാണ് കരുതുന്നത്.
ഉയരുന്നത് വന്‍ പ്രതിഷേധം
കേന്ദ്ര മന്ത്രിമാരായ അശ്വിനി വൈഷ്‌ണവ്, പ്രഹ്ളാദ് പട്ടേൽ, രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യയുടെ പ്രൈവറ്റ് സെക്രട്ടറി, പ്രവീൺ തൊഗാഡിയ എന്നിവരും ഫോൺ ചോർത്തലിൽ പെട്ട പ്രമുഖരിൽ പെടുന്നുണ്ട്. ഇസ്രയേലി ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കേന്ദ്രമന്ത്രിമാര്‍, പ്രതിപക്ഷനേതാക്കള്‍ ഉള്‍പ്പെടെ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തിയ വിഷയത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
'മോദിയുടെ പങ്ക് അന്വേഷിക്കണം, ഷായെ പുറത്താക്കണം'
മോദി സർക്കാരിന്‍റേത് രാജ്യദ്രോഹ നടപടിയാണെന്നും സംഭവവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷായെ ഉടൻ പുറത്താക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
ഫോണ്‍ ചോര്‍ത്തലിന്‍റെ പൂര്‍ണ ഉത്തരവാദിത്തം അമിത് ഷായ്ക്ക് ആണ്. അമിത് ഷാ വഹിക്കുന്ന എല്ലാ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ പുറത്താക്കണമെന്ന് സുര്‍ജേവാല ആവശ്യപ്പെട്ടു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ALSO READ: പെഗാസസ് വിവാദം; അമിത് ഷായെ പുറത്താക്കണം, മോദിയുടെ പങ്ക് അന്വേഷിക്കണം; കോണ്‍ഗ്രസ്