ഓം റൗട്ട് Om Raut സംവിധാനം ചെയ്‌ത 'ആദിപുരുഷി'ന്‍റെ Adipurush റിലീസിനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചു. ഭൂഷൺ കുമാർ നിർമ്മിച്ച 'ആദിപുരുഷി'ല്‍, പ്രഭാസ് Prabhas, കൃതി സനോൻ Kriti Sanon എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുക.
പ്രഖ്യാപനം മുതല്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ജൂണ്‍ 16നാണ് തിയേറ്ററുകളില്‍ എത്തുക. സിനിമയുടെ റിലീസിന് ഇനി ഒരാഴ്‌ച മാത്രമാണുള്ളത്. പരസ്യ പ്രചാരണത്തിന്‍റെ അവസാന ഘട്ടത്തിനായുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ 'ആദിപുരുഷ്' ടീം. ഇപ്പോഴിതാ 'ആദിപുരുഷി'ന്‍റെ ബുക്കിംഗ് Adipurush booking ആരംഭിച്ചിരിക്കുകയാണ്. ആഭ്യന്തര, അന്തർദേശീയ വിപണികളിലും അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്.
അഡ്വാന്‍സ് ബുക്കിംഗിലൂടെ വിദേശ വിപണികളിൽ വൻ നേട്ടമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അഡ്വാൻസ് ബുക്കിംഗിലൂടെ അമേരിക്കയിലെ 187 സ്ഥലങ്ങളില്‍ നിന്നായി 10,727 ടിക്കറ്റുകളാണ് വിറ്റുപോയത്. ഇതിലൂടെ ഏകദേശം രണ്ട് കോടിയാണ് അമേരിക്കയില്‍ നിന്ന് ലഭിച്ചത്.
ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും 'ആദിപുരുഷ്', അഡ്വാൻസ് ബുക്കിംഗ് റെക്കോർഡുകൾ തകർത്തു. അതിശയിപ്പിക്കുന്ന പ്രീ-റിലീസ് കലക്ഷനാണ് ഇവിടങ്ങളില്‍ നിന്ന് ലഭ്യമായത്. റിലീസിന് ഏഴ് ദിവസങ്ങള്‍ ബാക്കിനിൽക്കെ, ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും ടിക്കറ്റ് വിൽപന 'കെജിഎഫ് 2' നേക്കാൾ കൂടുതലാണ്.
ഇതൊരു വലിയ നേട്ടമാണ്. ഈ അത്ഭുതകരമായ അഡ്വാൻസ് ബുക്കിംഗുകൾ, അന്താരാഷ്ട്ര സർക്യൂട്ടിൽ സിനിമയ്‌ക്ക് മികച്ച തുടക്കം വാഗ്‌ദാനം നല്‍കുന്നു. അതേസമയം അവിടങ്ങളില്‍ 'ആദിപുരുഷി'ന് മറ്റ് ഹോളിവുഡ് ചിത്രങ്ങളിൽ നിന്ന് കടുത്ത മത്സരം നേരിടേണ്ടിവരും.
ജൂൺ 13ന് ന്യൂയോർക്കിൽ നടക്കുന്ന ട്രൈബേക്ക ഫിലിം ഫെസ്‌റ്റിവലിൽ ആദിപുരുഷ് പ്രദർശിപ്പിക്കുമെന്ന് നിർമ്മാതാക്കൾ നേരത്തെ സ്ഥിരീകരിച്ചിരുന്നു. അതേസമയം 'ആദിപുരുഷിന്‍റെ' ഹിന്ദി റിലീസിന് ഏകദേശം 4,000 സ്‌ക്രീനുകളാണ് പ്രതീക്ഷിക്കുന്നത്. രാജ്യവ്യാപകമായി ഏകദേശം 6,200 സ്‌ക്രീനുകളും ലക്ഷ്യമിടുന്നു. സിനിമയുടെ വ്യത്യസ്‌ത പതിപ്പുകൾക്കായി ഒന്നിലധികം വിതരണക്കാരാണുള്ളത്. അനിൽ തദാനിയാണ് ഹിന്ദി പതിപ്പിന്‍റെ വിതരണം.
ഇന്ത്യൻ സിനിമയിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ സിനിമയാണ് 'ആദിപുരുഷ്' എന്നാണ് അണിയറക്കാരുടെ അവകാശവാദം. 174 മിനിറ്റാണ് ആക്ഷൻ ഡ്രാമയായ 'ആദിപുരുഷി'ന്‍റെ ദൈര്‍ഘ്യം. റിലീസിന് ശേഷം ചിത്രം ബോക്‌സോഫിസിൽ തിളങ്ങുമെന്ന് നിർമ്മാതാക്കൾക്ക് ഉറപ്പുണ്ട്. ഓം റൗട്ട്, ഭൂഷൺ കുമാർ, കൃഷൻ കുമാർ, പ്രസാദ് സുതാർ, രാജേഷ് നായർ എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്.
Also Read: പ്രീ റിലീസ് ഗ്രാന്‍ഡ് ഇവന്‍റിനൊരുങ്ങി ആദിപുരുഷ്; ട്രെയിലര്‍ ലോഞ്ച് തിരുപ്പതിയില്‍
സംവിധായകന്‍ ഓം റൗട്ടും മനോജ് മുൻതാഷിർ ശുക്ലയും ചേർന്നാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. പ്രഭാസ്, കൃതി സനോൺ എന്നിവരെ കൂടാതെ സെയ്‌ഫ് അലി ഖാന്‍ Saif Ali Khan, സണ്ണി സിംഗ് എന്നിവരും സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സിനിമയില്‍ രാഘവ് എന്ന കഥാപാത്രത്തെ പ്രഭാസും ജാനകിയെ കൃതി സനോണും അവതരിപ്പിക്കുന്നു. ലങ്കേഷായി സെയ്‌ഫ് അലി ഖാനും, ലക്ഷ്‌മണനായി സണ്ണി സിംഗും, ബജ്‌റംഗായി ദേവദത്ത നാഗെയുമാണ് എത്തുന്നത്.