ബദൗണ്‍ (ഉത്തർപ്രദേശ്) : ബദൗണിൽ എലിയെ കൊന്നെന്ന കേസിൽ വഴിത്തിരിവ്. എലി മലിന ജലത്തിൽ മുങ്ങിച്ചത്തതല്ലെന്നും ശ്വാസം മുട്ടിയാണ് കൊല്ലപ്പെട്ടതെന്നുമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നത്. ശ്വാസകോശത്തിൽ മലിനജലം കണ്ടെത്താനായിട്ടില്ലെന്നും എലിയുടെ ശ്വാസകോശവും കരളും നേരത്തെ തന്നെ തകരാറിലായിരുന്നുവെന്നും ബറേലിയിലെ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പോസ്റ്റ്‌മോർട്ടത്തിന് ശേഷം അധികൃതര്‍ പുറത്തുവിട്ട റിപ്പോർട്ടില്‍ വ്യക്‌തമാക്കുന്നു.
എലിയുടെ ശ്വാസകോശം വല്ലാതെ വീർത്തിരുന്നതായി ഐവിആർഐ ജോയിന്‍റ് ഡയറക്‌ടർ ഡോ.കെ.പി സിംഗ് പറഞ്ഞു. നവംബർ 25നാണ് എലിയുടെ ജഡം ഐവിആർഐയിൽ എത്തിച്ചത്. ഹിസ്റ്റോപാത്തോളജിയിലും മൈക്രോസ്കോപ്പി പരിശോധനയിലും എലിയുടെ ശ്വാസകോശത്തിൽ വെള്ളത്തിന്‍റെയോ അഴുക്കിന്‍റെയോ അംശം കണ്ടെത്താനായില്ല.
കൊല്ലപ്പെട്ട എലിയുടെ കരളിൽ മറ്റൊരു അണുബാധ കണ്ടെത്തിയെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നുണ്ട്. ഉത്തർപ്രദേശിലെ ബദൗൺ ജില്ലയിലെ പൻവാഡിയയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. എലിയെ അഴുക്കുചാലിൽ എറിഞ്ഞ് കൊന്നെന്ന പരാതിയില്‍ മനോജ് കുമാർ എന്ന യുവാവിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
READ MORE: എലിയുടെ വാലില്‍ കല്ലുകെട്ടി അഴുക്കുചാലില്‍ എറിഞ്ഞ് കൊന്നു ; യുവാവിനെതിരെ കേസെടുക്കാന്‍ പൊലീസ്
മൃഗസ്‌നേഹിയായ വികേന്ദ്ര ശർമ എന്നയാൾ നല്‍കിയ പരാതിയില്‍ മൃഗ പീഡന വിരുദ്ധ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്. താന്‍, പാന്‍വാഡിയ പ്രദേശത്ത് കൂടി സഞ്ചരിക്കുമ്പോള്‍ പരിസരവാസിയായ യുവാവും കുട്ടികളും ചേര്‍ന്ന് എലിയുടെ വാലില്‍ കല്ല് കെട്ടി അഴുക്കുചാലില്‍ മുക്കുന്നത് കണ്ടതായി വികേന്ദ്ര ശര്‍മ പരാതിയില്‍ പറഞ്ഞിരുന്നു.
എലിയെ മോചിപ്പിക്കാന്‍ യുവാവിനോട് ആവശ്യപ്പെട്ടെങ്കിലും അയാള്‍ അതിനെ അഴുക്കുചാലിലേക്ക് എറിയുകയായിരുന്നു. താന്‍ ഉടന്‍ ചാലില്‍ നിന്ന് എലിയെ പുറത്തെടുത്തുവെന്നും അപ്പോഴേക്ക് അത് ചത്തിരുന്നുവെന്നും വികേന്ദ്ര ബദൗണ്‍ കോട്‌വാലി പൊലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയില്‍ വിവരിക്കുന്നു. ഇതിന് പിന്നാലെയാണ് എലിയെ പോസ്റ്റ്‌മോർട്ടം ചെയ്യാൻ പൊലീസ് തീരുമാനിച്ചത്.