ന്യൂഡല്‍ഹി: ആവശ്യമെങ്കില്‍ രാത്രിയിലും പോസ്റ്റുമോര്‍ട്ടം നടത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. മതിയായ സൗകര്യങ്ങള്‍ ഉള്ള ആശുപത്രികള്‍ക്ക് മാത്രമാണ് അനുമതി. എന്നാല്‍ കൊലപാതകം, ആത്മഹത്യ, ബലാത്സംഗം, അഴുകിയ മൃതദേഹങ്ങൾ, ദുരൂഹതകൾ എന്നിങ്ങനെയുള്ള മരണങ്ങളില്‍ പോസ്റ്റുമോര്‍ട്ടം രാത്രിയില്‍ നടത്തരുതെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.
കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. രാത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തരുതെന്ന് നിയമം കൊണ്ടുവന്നത് ബ്രിട്ടീഷുകാരാണ്. ഈ രീതികള്‍ തമ്മള്‍ അവസാനിപ്പിക്കുന്നു. പ്രധാനമന്ത്രിയാണ് ഈ ആശയം മുന്നോട്ടുവച്ചത്. ആവശ്യമായ സൗകര്യങ്ങളുള്ള ആശുപത്രിയില്‍ രാത്രിയിലും പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടത്താമെന്നും മാണ്ഡവ്യ ട്വിറ്ററില്‍ കുറിച്ചു.
തിങ്കളാഴ്ച മുതല്‍ പരിഷ്കരണം
ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്ന കേന്ദ്രസര്‍ക്കാറിന്‍റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നിതിന്‍റെ ഭാഗമായാണ് നടപടി. സര്‍ക്കാര്‍ നടപടികൃമങ്ങള്‍ പാലിക്കുന്നതു വഴിയുണ്ടാകുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ലഭിച്ച ചില പരാതികളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം. തിങ്കളാഴ്ച മുതല്‍ പോസ്റ്റുമോര്‍ട്ടം പ്രോട്ടോകോളുകളിലെ പരിഷ്കരണം നടപ്പില്‍ വരുമെന്നും അദ്ദേഹം കുറിച്ചു.
മരിച്ചയാളിന്‍റെ അവയവ ദാനം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി കൂടിയാണ് നടപടി. മരണം നടന്ന ശേഷം എത്രയും വേഗം നടപടികള്‍ പൂര്‍ത്തീകരിച്ച് അവയവങ്ങള്‍ ശേഖരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം കാര്യങ്ങള്‍ കാണിച്ച് കേന്ദ്രസര്‍ക്കാറിന് ഒന്നിലധികം അപേക്ഷകള്‍ ലഭിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ വിഷയം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസിലെ സാങ്കേതിക സമിതി പരിശോധിച്ചു. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.
തീരുമാനം സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള പുരോഗതി കണക്കിലെടുത്ത്
അത്യാവശ്യ ഘട്ടങ്ങളില്‍ ചില ആരോഗ്യ സ്ഥാപനങ്ങള്‍ രാത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തുന്നുണ്ട്. സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള പുരോഗതി കണക്കിലെടുത്തുമാണ് പുതിയ തീരുമാനമെന്നും മന്ത്രാലയം വ്യക്തമാക്കി. അവയവദാനത്തിനായുള്ള പോസ്റ്റ്‌മോർട്ടം മുൻഗണനാക്രമത്തിൽ ആദ്യം പരിഗണിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.
കൂടാതെ രാത്രിയില്‍ നടത്തുന്ന പോസ്റ്റുമോര്‍ട്ടത്തിന്‍റെ വീഡിയോ റെക്കോഡ് ചെയ്ത് സൂക്ഷിക്കണം. സംശയങ്ങള്‍ ഒഴിവാക്കാനും നിയമപരമായ ആവശ്യങ്ങള്‍ക്കും ഇവ ഉപയോഗിക്കാമെന്നും വ്യവസ്ഥയുണ്ട്. കൊലപാതകം, ആത്മഹത്യ, ബലാത്സംഗം, അഴുകിയ മൃതദേഹങ്ങൾ, ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ എന്നിവ ക്രമസമാധാന പ്രശ്നങ്ങള്‍ ഇല്ലാത്ത സഹാചര്യത്തില്‍ രാത്രി പോസ്റ്റുമോര്‍ട്ടം ചെയ്യരുതെന്നും നിര്‍ദ്ദേശത്തിലുണ്ട്.
കൂടുതല്‍ വായനക്ക്: Kerala covid cases: സംസ്ഥാനത്ത് 4547 പേര്‍ക്ക് കൂടി കൊവിഡ്; 57 മരണം