ന്യൂഡൽഹി: കൊവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിക്കാൻ സാധ്യത കുറവെന്ന് പഠനം. ലോകാരോഗ്യ സംഘടനയും എയിംസും നടത്തിയ പഠനത്തിലാണ് പുതിയ വിലയിരുത്തൽ.
നാല് സംസ്ഥാനങ്ങളിൽ നിന്നാണ് 4500ഓളം പേരിൽ നടത്തിയ സർവെയുടെ അടിസ്ഥാനത്തിലാണ് എയിംസും ലോകാരോഗ്യ സംഘടനയും പുതിയ വിലയിരുത്തൽ നടത്തിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ വ്യക്തമാക്കുമെന്നും എയിംസ് പഠനത്തിൽ പറയുന്നുണ്ട്. കുട്ടികൾക്ക് പ്രതിരോധശേഷി ഉള്ളതിനാൽ വെെറസ് ബാധ ബാധിക്കാനുള്ള സാധ്യത കുറവാണെന്നും പഠനത്തിൽ സൂചിപ്പിക്കുന്നു.
കൊവിഡിന്‍റെ മൂന്നാം തരംഗം ഏറ്റവും അധികം ബാധിക്കുക കുട്ടികളെയാവാം എന്ന രീതിയില്‍ ധാരാളം റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. കുട്ടികൾക്ക് കൊവിഡ് ബാധിച്ചാൽ രോഗലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല അല്ലെങ്കിൽ ചെറിയ ലക്ഷണങ്ങളെ പ്രകടമാകൂവെന്ന് നിതി ആയോഗ് അംഗം ഡോ. വി കെ പോൾ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.
എന്നാൽ ഇത് വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്ന് പീഡിയാട്രിക്സ് അസോസിയേഷൻ വ്യക്തമാക്കുന്നുണ്ട്.ഒന്നാമത്തെയും രണ്ടാമത്തെയും തരംഗങ്ങളുടെ വിവരങ്ങൾ പരിശോധിച്ചപ്പോൾ കുട്ടികൾക്ക് നേരിയ തോതിലുള്ള അണുബാധ മാത്രമേ ഉണ്ടാകൂ എന്നാണ് മനസിലാക്കുന്നത്. മൂന്നാം തരംഗത്തിൽ കുട്ടികളെയാണ് കൊവിഡ് കൂടുതൽ ബാധിക്കുമെന്നതിന് തെളിവുകളില്ലെന്നും നേരത്തെ എയിംസ് അധികൃതർ വ്യക്തമാക്കിയിരുന്നു,.