ബെംഗളുരു: കന്നഡയിലെ പ്രശസ്‌ത റേഡിയോ ജോക്കി രചന (39) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ബെംഗളുരുവിലെ ഫ്ലാറ്റിൽ വച്ചായിരുന്നു അന്ത്യം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പോകും വഴി മരണം സംഭവിക്കുകയായിരുന്നു.
രചന വിഷാദരോഗി ആയിരുന്നുവെന്നും സുഹൃത്തുക്കളിൽ നിന്നും അകന്ന് കഴിയുകയായിരുന്നുവെന്നും രചനയുടെ സുഹൃത്ത് പറയുന്നു. ചാമരാജ്പേട്ടിലാണ് രചനയുടെ മാതാപിതാക്കൾ താമസിക്കുന്നത്. മൃതദേഹം ചാമരാജ്പേട്ടിലേക്ക് കൊണ്ടുപോകും.
റേഡിയോ മിർച്ചിയിൽ റേഡിയോ അവതാരക ആയിട്ടായിരുന്നു രചനയുടെ പ്രൊഫഷണൽ ജീവിതത്തിന്‍റെ തുടക്കം. പിന്നീട് വളരെക്കാലം റേഡിയോ സിറ്റിയിൽ ജോലി ചെയ്‌തു. ഏഴ് വർഷം മുൻപ് രചന ജോലി ഉപേക്ഷിച്ചിരുന്നു.