ലക്‌നൗ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, രാജ്യത്ത് ജാതിവാഴ്‌ചയും കുടുംബവാഴ്‌ചയും അവസാനിപ്പിച്ചെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. കോൺഗ്രസിനെ പരോക്ഷമായി കുറ്റപ്പെടുത്തിയ നദ്ദ, മോദിയുടെ കീഴിൽ രാജ്യത്ത് വികസന രാഷ്‌ട്രീയം കൂടുതൽ ജനകീയമായതായും അവകാശപ്പെട്ടു.
2022ലെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് 'ബൂത്ത് വിജയ് അഭിയാൻ' പദ്ധതിക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർലമെന്‍റ് സമ്മേളനം നടക്കുമ്പോഴും അവധി ആഘോഷിക്കുന്നതിനായി വിദേശത്ത് പോകുന്ന രാഷ്‌ട്രീയ നേതാക്കൾ പ്രതിപക്ഷ നിരയിലുണ്ട്. കൊവിഡ് പ്രതിസന്ധിയിലും സ്വന്തം ജീവൻ പണയപ്പെടുത്തി ദുരിതബാധിതരെ സഹായിക്കാൻ മുൻനിരയിലുണ്ടായിരുന്നത് ബിജെപി പ്രവർത്തകർ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ:രാജിവച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ; അപ്രതീക്ഷിത നീക്കം
അതേസമയം ഉത്തർപ്രദേശിൽ വലിയ ജനപിന്തുണയോടെ ബിജെപി വീണ്ടും അധികാരത്തിലേറുമെന്നും നദ്ദ പറഞ്ഞു. കൂടാതെ ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നിവിടങ്ങളിലും ബിജെപിയുടെ തിരിച്ചുവരവ് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതുവരെ 70 കോടി ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകിയ ഒരേയൊരു രാജ്യം ഇന്ത്യയാണ്. ഒരു ദിവസം ഒരു കോടി കൊവിഡ് വാക്‌സിൻ ഡോസുകൾ നൽകിയെന്ന പ്രത്യേകതയും മോദിസർക്കാരിന് സ്വന്തം.
മറ്റേത് രാജ്യങ്ങളിലെയും മുഴുവൻ ജനതയ്‌ക്കും ഒറ്റ ദിവസം കൊണ്ട് വാക്‌സിൻ നൽകാനുള്ള കഴിവും ഇന്ത്യയ്‌ക്കുണ്ടെന്നും മോദി ഭരണത്തില്‍ രാജ്യത്തിന് അത്തരം ശക്തി ലഭിച്ചെന്നും നദ്ദ അവകാശപ്പെട്ടു.