അഗർത്തല: കോൺഗ്രസ്-ബിജെപി സംഘർഷത്തിൽ മാധ്യമ പ്രവർത്തകനടക്കം നിരവധി പേർക്ക് പരിക്ക്. അഗർത്തലയിലെ തെളിയാമുരയിലാണ് സംഭവം. സംഭവത്തിൽ പ്രതികരിച്ച സ്ഥലത്തെ ബിജെപി എംഎൽഎ കല്ല്യാണി റോയ് സിപിഎമ്മും കോൺഗ്രസുമാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷന് മുന്നിൽ ധർണ്ണ നടത്തി. അതേസമയം കോൺഗ്രസ് ആരോപണങ്ങൾ തള്ളിക്കളഞ്ഞു. കോൺഗ്രസ് പ്രവർത്തകരെ ബിജെപി പ്രവർത്തകരാണ് ആക്രമിച്ചതെന്നും ആക്രമണം ചെറുക്കുക മാത്രമാണ് കോൺഗ്രസ് ചെയ്‌തതെന്നും അവർ പറഞ്ഞു.
പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസിന്‍റെ വിജയം ആഘോഷിച്ച കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തെ ബിജെപി പ്രവർത്തകരും തമ്മിൽ കടുത്ത തർക്കമുണ്ടായതായാണ് പ്രദേശവാസികൾ പറയുന്നത്. ബിജെപി യുവമോർച്ച പ്രവർത്തകരെ അസഭ്യം പറഞ്ഞതാണ് തർക്കത്തിന് തുടക്കം കുറിച്ചത്. തർക്കം പിന്നീട് കയ്യാംകളിയിലേക്ക് കടക്കുകയായിരുന്നെന്നും പ്രദേശവാസികൾ അറിയിച്ചു. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി.
പിന്നീട്, ഒരു മാധ്യമ പ്രവർത്തകനെയും കോൺഗ്രസ് പ്രവർത്തകർ മർധിച്ചതായി ആരോപണം ഉയരുന്നുണ്ട്. സംഭവം റിപ്പോർട്ട് ചെയ്‌ത് മടങ്ങവെയാണ് മാധ്യമ പ്രവർത്തകന് മർദനമേറ്റത്. ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. ബിജെപിക്കാരുടെ മാധ്യമ പ്രവർത്തകനാണെന്ന് ആരോപിച്ചായിരുന്നു മർദനമെന്നും പ്രദേശ വാസികൾ അറിയിച്ചു. പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.