ബർണാല (പഞ്ചാബ്) : പഞ്ചാബിലെ ബർണാലയിൽ പൊലീസുകാരനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. സിറ്റി വൺ പൊലീസ് സ്റ്റേഷനിലെ ഹവിൽദാറായ ദർശൻ സിങ്ങാണ് ഞായറാഴ്‌ച രാത്രിയുണ്ടായ അക്രമത്തിൽ കൊല്ലപ്പെട്ടത് (Policeman Killed in Punjab- International Kabaddi Players Are Accused). അന്താരാഷ്ട്ര കബഡി താരങ്ങളാണ് സംഘം ചേർന്ന് പൊലീസുകാരനെ മർദിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഞായറാഴ്‌ച രാത്രി ബർണാല നഗരത്തിലെ '25 ഏക്കർ' എന്ന പ്രദേശത്ത് കബഡി കളിക്കാരും റസ്റ്റൊറന്‍റ് ജീവനക്കാരും തമ്മിൽ ഭക്ഷണം കഴിച്ച ബില്ലിനെച്ചൊല്ലി വാക്കേറ്റുമുണ്ടായി. വാക്കേറ്റം കയ്യേറ്റത്തിലേക്ക് എത്തുന്ന സ്ഥിതിയായപ്പോൾ റസ്റ്റൊറന്‍റ് ഉടമകൾ പൊലീസ് സഹായം തേടുകയായിരുന്നു. സ്ഥലത്തെത്തിയ ദർശൻ സിങ് ഉൾപ്പെട്ട പൊലീസ് സംഘം പ്രതികളോട് വാഹനത്തിൽ കയറാൻ ആവശ്യപ്പെട്ടതോടെ ഇവർ അക്രമാസക്തരായി.
തുടർന്ന് പൊലീസുകാരുമായി നടന്ന വാക്കേറ്റത്തിനിടെ പ്രതികൾ അവരെ മർദിക്കാനാരംഭിച്ചു. മർദനത്തിൽ ദർശൻ സിങ്ങിന് ഗുരുതരമായി പരിക്കേറ്റതോടെ അദ്ദേഹത്തെ ബർണാലയിലെ സിവിൽ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. മരിച്ച ദർശൻ സിങ് ദീർഘകാലമായി താനാ സിറ്റി പൊലീസ് സ്റ്റേഷനിൽ ഹവീൽദാറായി ജോലി ചെയ്‌തു വരികയായിരുന്നു.
പ്രതികൾ അന്താരാഷ്ട്ര കബഡി താരങ്ങളാണെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. സംഭവശേഷം രക്ഷപെട്ട പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം പരിക്കേറ്റ ദർശൻ സിങ്ങിനെ ആശുപത്രിയിലാക്കാൻ പൊലീസുകാർ സ്ഥലത്തുനിന്ന് മാറിയ വേളയിൽ കബഡി താരങ്ങൾ റസ്റ്റൊറന്‍റ് അടിച്ച് തകർത്തതായും റിപ്പോർട്ടുണ്ട്.
പൊലീസുകാരനെ കൊന്ന പ്രതികൾ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു: കഴിഞ്ഞ തിങ്കളാഴ്‌ച (ഒക്ടോബർ 16) ബിഹാറിലെ വൈശാലിയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പേർ കൊല്ലപ്പെട്ടു (Two Criminals Killed in Encounter in Vaishali ). പൊലീസ് കോൺസ്റ്റബിളിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഏറ്റുമുട്ടലില്‍ മരിച്ചത്. കോൺസ്റ്റബിളിനെ വെടിവച്ച് കൊലപ്പെടുത്തി മൂന്ന് മണിക്കൂറിനുള്ളിലാണ് പ്രതികളുടെ അന്ത്യം. സത്യപ്രകാശ്, ബിട്ടു എന്നിവരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനെ തുടർന്ന് വെടിയേറ്റ് പരിക്കേറ്റ രണ്ട് കുറ്റവാളികളെയും പൊലീസുകാര്‍ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചു.
കോൺസ്റ്റബിളിന്‍റെ കൊലയ്ക്കുപിന്നാലെ പിടികൂടിയ രണ്ട് പ്രതികളെയും പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. അതിനിടെ, ദേശീയ പാതയിൽ സരായ് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ പ്രതികൾ പൊലീസ് വാഹനത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെ പൊലീസ് ഇവരെ വെടിവയ്‌ക്കുകയായിരുന്നു (Vaishali Police Encountered Two Criminals Who Killed a Constable).
പ്രതികൾ രണ്ട് പേരും ഗയ ജില്ലയില്‍ നിന്നുള്ളവരാണെന്ന് വൈശാലി സദർ എസ്‌ഡിപിഒ ഓം പ്രകാശ് പറഞ്ഞു. വൈശാലിയിലെ യൂക്കോ ബാങ്ക് ശാഖയിലെ കവർച്ച തടയാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ കോൺസ്റ്റബിളിനെ വെടിവച്ച് കൊലപ്പെടുത്തിയത്. രണ്ട് കോൺസ്റ്റബിളുമാർക്കാണ് വെടിയേറ്റത്. ഒരാൾ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു.