ദിയോറിയ : ഡോ. കഫീല്‍ ഖാന്‍റെ വാഹനം ബുധനാഴ്ച ഉത്തര്‍ പ്രദേശ് പൊലീസ് 6 കിലോമീറ്ററിനിടെ പരിശോധിച്ചത് ആറ് തവണ. സമാജ്‌വാദി പാര്‍ട്ടി യോഗം കഴിഞ്ഞ് വരും വഴിയാണ് ഇദ്ദേഹത്തിന്‍റെ വാഹനം തുടരെത്തുടരെ പൊലീസ് പരിശോധിച്ചത്. വാഹനത്തില്‍ നോമ്പ് തുറക്കാനായി കാരക്കയും നവരാത്രി മധുര പലഹാരങ്ങളും സൂക്ഷിച്ചിരുന്നു.
ഇതാണ് പൊലീസുകാര്‍ പലതവണ പരിശോധിച്ചത്. വാഹനത്തില്‍ പണം സൂക്ഷിച്ചിട്ടുണ്ടോ എന്ന് പൊലീസ് ചോദിക്കുന്ന വീഡിയോ അദ്ദേഹം പുറത്തുവിട്ടിട്ടുമുണ്ട്. ഉത്തര്‍പ്രദേശ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഡോറിയ മണ്ഡലത്തില്‍ എസ്.പി സ്ഥാനാര്‍ഥിയാണ് ഡോ. കഫീല്‍ഖാന്‍. ബി.ജെ.പി സ്ഥാനാര്‍ഥി രത്നപാല്‍ സിംഗിനെയാണ് എതിരിടുന്നത്. ഏപ്രില്‍ 12 നാണ് തെരഞ്ഞെടുപ്പ്.
അതേസമയം കഫീല്‍ ഖാന്‍റെ കാര്‍ പരിശോധിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി സമാജ്‌വാദി പാര്‍ട്ടി രംഗത്ത് എത്തി. നവരാത്രി ആഘോഷത്തിന്‍റെ ഭാഗമായാണ് പരിശോധനയെന്ന് പൊലീസ് പറയുമ്പേള്‍ ബി.ജെ.പിക്കാരുടെ വാഹനങ്ങള്‍ പൊലീസ് പരിഗണിക്കുന്നേയില്ലെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു.
ഗോരഖ്‌പൂര്‍ ബി.ആര്‍.ഡി ആശുപത്രിയിലെ ഡോക്ടറായിരുന്ന കഫീല്‍ ഖാനെ സര്‍ക്കാറിനെതിരായ പ്രസ്താവന നടത്തിയതിന്‍റെ പേരില്‍ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2017 ഓഗസ്റ്റില്‍ ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ 63 നവജാത ശിശുക്കളാണ് മരിച്ചത്.
ഇതിന് പിന്നാലെ ആരോഗ്യ സംവിധാനങ്ങള്‍ ഓരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് ആരോപിച്ച് ഖാന്‍ രംഗത്തെത്തി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഏറെ പ്രതിസന്ധിയിലാക്കിയ സംഭവത്തിന് പിന്നാലെ ഖാനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയായിരുന്നു.തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ഇദ്ദേഹത്തെ മോചിപ്പിച്ചത്.