ദഹോദ് (ഗുജറാത്ത്) : ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പതിനൊന്ന് പ്രതികള്‍ ഇനിയും കീഴടങ്ങിയിട്ടില്ലെന്ന് പൊലീസ്. ഇവരുടെ ശിക്ഷ ഇളവ് ചെയ്‌ത് വിട്ടയച്ച ഗുജറാത്ത് സര്‍ക്കാരിന്‍റെ നടപടി കഴിഞ്ഞ ദിവസം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. അതേസമയം പ്രതികളുടെ താമസ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടാകാതിരിക്കാന്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട് (Bilkis Bano case).
അതേസമയം പ്രതികള്‍ ഒളിവില്‍ അല്ലെന്നാണ് വിവരം. ചിലര്‍ ബന്ധുക്കളെ സന്ദര്‍ശിക്കുന്നുണ്ടെന്നും ദഹോദ് പൊലീസ് സൂപ്രണ്ട് ബല്‍റാം മീണ പറഞ്ഞു. പൊലീസിന് ഇതുവരെ സുപ്രീം കോടതിയുടെ വിധിപ്പകര്‍പ്പ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികള്‍ സിങ്കവാദ താലൂക്ക് വാസികളാണ്. ഇവിടെ സുപ്രീം കോടതി വിധി വരുന്നതിന് മുമ്പ് തിങ്കളാഴ്‌ച രാവിലെ മുതല്‍ തന്നെ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. വര്‍ഗീയ സംഘര്‍ഷം ഉണ്ടാകാതിരിക്കാനും മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. രാധിക് പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മുഴുവന്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
21 വയസുള്ളപ്പോഴാണ് ബില്‍ക്കിസ് ബാനു അതിക്രൂരമായി കൂട്ടബലാല്‍സംഗത്തിനിരയായത്. അന്ന് അവള്‍ അഞ്ച് മാസം ഗര്‍ഭിണിയുമായിരുന്നു. ഗോധ്രാ ട്രെയിന്‍ കത്തിക്കലിനെ തുടര്‍ന്ന് വര്‍ഗീയ ലഹള പൊട്ടിപ്പുറപ്പെട്ടപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അതിക്രൂരമായ അക്രമത്തിന് ഇരയായത്. ബില്‍ക്കിസ് ബാനുവിന്‍റെ മൂന്ന് വയസുകാരി മകളും മറ്റ് ആറ് കുടുംബാംഗങ്ങളും കലാപത്തില്‍ കൊല്ലപ്പെട്ടു.
ഗുജറാത്ത് സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയാണ് ഇവര്‍ക്ക് ശിക്ഷ ഇളവ് നല്‍കിയതും ജയിലില്‍ നിന്ന് വിട്ടയച്ചതെന്നും സുപ്രീം കോടതി വിമര്‍ശിച്ചു. 2022 സ്വാതന്ത്ര്യദിനത്തിലാണ് ഇവരെ ജയില്‍മോചിതരാക്കിയത്. ഇവരെ രണ്ടാഴ്‌ചയ്ക്കകം ജയിലിലടയ്ക്കണമെന്ന് സുപ്രീം കോടതി തിങ്കളാഴ്‌ച ഉത്തരവിട്ടിരുന്നു.
വിധിയിൽ ഗുജറാത്ത് സർക്കാരിനെ രൂക്ഷമായി വിമർശിച്ച കോടതി പ്രതികളെ വിട്ടയക്കാനുള്ള സര്‍ക്കാര്‍ തീരുമാനം റദ്ദാക്കി. ഗുജറാത്ത് സർക്കാർ പ്രതികളുമായി ഒത്തുകളിച്ചെന്നും, പ്രതികൾ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും കോടതി വിലയിരുത്തി. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ല, വിചാരണ നടന്ന മഹാരാഷ്ട്രയിലെ സർക്കാരിനാണ് ഇതിനുള്ള അധികാരം. ഗുജറാത്ത് സർക്കാർ ഇല്ലാത്ത അധികാരം വിനിയോഗിച്ചെന്നും ജസ്‌റ്റിസ് നാഗരത്‌ന ഉള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി (Supreme Co Convict Played Fraud).
കേസിൽ ശിക്ഷ ഇളവ് തേടി സുപ്രീം കോടതിയെ സമീപിച്ച പ്രതികളിലൊരാളായ രാധശ്യാം ഭഗവാൻദാസ് ഷായ്‌ക്കൊപ്പം ഗുജറാത്ത് സർക്കാർ ഒത്തുകളിച്ചെന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്. കുറ്റവാളികൾക്ക് ഇളവ് അനുവദിച്ചതിലൂടെ സംസ്ഥാന സർക്കാർ അധികാര ദുർവിനിയോഗം നടത്തിയെന്നും സുപ്രീം കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. 1992 ജൂലൈ 9 ലെ ഗുജറാത്ത് സംസ്ഥാന നയ പ്രകാരം 2022 മെയ് 13 ലെ വിധിക്കെതിരെ ഗുജറാത്ത് സർക്കാർ പുനഃപരിശോധന ഹർജി നൽകാത്തത് എന്തുകൊണ്ടാണെന്ന് മനസിലാക്കാൻ കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു.
'2022 മെയ് 13-ലെ കോടതി ഉത്തരവ് മുതലെടുത്ത് മറ്റ് കുറ്റവാളികളും ശിക്ഷ ഇളവിന് അപേക്ഷിക്കുകയും ഗുജറാത്ത് സർക്കാർ ഇളവ് അനുവദിക്കുകയും ചെയ്‌തു. ഗുജറാത്ത് സർക്കാർ ഈ കേസിൽ മൂന്നാം പ്രതിയായ രാധശ്യാം ഭഗവാൻദാസ് ഷായ്‌ക്കൊപ്പം ഒത്തുകളിക്കുകയും ചെയ്‌തു. വസ്‌തുതകൾ അടിച്ചമർത്തിക്കൊണ്ട് കോടതിയെ തെറ്റിദ്ധരിപ്പിച്ചു. ഗുജറാത്ത് സർക്കാർ അധികാരം ഉപയോഗിച്ചത് മറ്റൊരു സംസ്ഥാനത്തിന്‍റെ അധികാരം കവർന്നെടുക്കൽ മാത്രമായിരുന്നു' -ഉത്തരവിൽ സുപ്രീം കോടതി വ്യക്തമാക്കി.