ന്യൂഡല്‍ഹി: മുന്‍ ദേശീയ ജൂനിയര്‍ ഗുസ്‌തി താരം സാഗര്‍ റാണയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിമ്പിക്‌സ് മെഡൽ ജേതാവ് സുശീൽ കുമാറിന്‍റെ അടുത്ത അനുയായി രാഹുല്‍ ദാണ്ഡയെ പൊലീസ് അറസ്റ്റ് ചെയ്‌തു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്‌ച രാജ്യ തലസ്ഥാനത്ത് നിന്ന് സ്‌പെഷ്യല്‍ സെല്ലാണ് രാഹുലിനെ അറസ്റ്റ് ചെയ്‌തത്.
ബവാന-കാനാവല റോഡിലുള്ള അടുത്ത സുഹൃത്തുക്കളെ കാണാന്‍ ഇയാള്‍ വരുമെന്ന് സ്പെഷ്യല്‍ സെല്ലിന് സൂചന ലഭിച്ചിരുന്നു. പൊലീസിനെ കണ്ട ഇയാള്‍ വെടിയുതിര്‍ത്തെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ ആയുധം കൈവശം വച്ചതിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു. തുടര്‍ന്ന് പ്രതിയെ സ്പെഷ്യല്‍ സെല്‍ ക്രൈം ബ്രാഞ്ചിന് കൈമാറി.
ഒളിവില്‍ പോയ രാഹുലിനെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഡല്‍ഹി പൊലീസ് അരലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കുപ്രസിദ്ധ ഗുണ്ട തലവന്‍ സോനു ദരിയാപൂരിന്‍റെ സംഘവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് മെയ് നാലിന് ഛത്രാസല്‍ സ്റ്റേഡിയത്തില്‍ നടന്ന കൈയാങ്കളിക്ക് പിന്നാലെയാണ് സാഗര്‍ റാണ കൊല്ലപ്പെട്ടത്. സുശീല്‍ കുമാറും മറ്റ് 12 പേരും ചേര്‍ന്ന് സാഗര്‍ റാണയേയും സുഹൃത്തിനേയും മര്‍ദിക്കുകയായിരുന്നു. സുശീല്‍ കുമാറും സംഘവും സാഗര്‍ റാണയെ വടികൊണ്ട് മര്‍ദിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നു. ഓഗസ്റ്റ് മൂന്നിന് സുശീല്‍ കുമാറിനെ മുഖ്യപ്രതിയാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
Read more: സാഗര്‍ റാണ കൊലക്കേസ്: സുശീല്‍ കുമാറിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചു