ലഖ്‌നൗ: രാം ക്ഷേത്ര ഭൂമി പ്രശ്‌നത്തിൽ പ്രതിഷേധിച്ച് ഒത്തുകൂടിയ ആം ആദ്‌മി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിലാണ് രാം ക്ഷേത്ര ഭൂമി പ്രശ്‌നത്തിൽ പ്രതിഷേധിച്ച് പ്രവർത്തകർ ഹനുമാൻ മന്ദിറിൽ ഒത്തുകൂടിയത്.
രാം ക്ഷേത്ര ട്രസ്റ്റ് അയോധ്യയിൽ ഭൂമി വാങ്ങിയതിൽ ക്രമക്കേട് നടത്തിയെന്നും അതിന്‍റെ നിർമാണത്തിനായി സ്വരൂപിച്ച പണം ദുരുപയോഗം ചെയ്തുവെന്നും കഴിഞ്ഞ ദിവസം ആം ആദ്‌മി പാർട്ടി നേതാവ് സഞ്ജയ് സിങ് ആരോപിച്ചിരുന്നു. മുന്നറിയിപ്പ് നൽകിയ ശേഷം എല്ലാ പാർട്ടി പ്രവർത്തകരെയും പൊലീസ് വിട്ടയച്ചു.
READ MORE: ആം ആദ്‌മി പാർട്ടി എംപി സഞ്ജയ് സിങിന്‍റെ വീടിന് നേരെ ആക്രമണം; രണ്ട് പേർ പിടിയിൽ
രവി മോഹൻ തിവാരിയും സുൽത്താൻ അൻസാരിയും ആദ്യം ഭൂമി രണ്ട് കോടി രൂപയ്ക്ക് വാങ്ങിയിരുന്നു. പിന്നീട് രാം ക്ഷേത്ര ട്രസ്റ്റ് 18.5 കോടി രൂപയ്ക്ക് വാങ്ങിയെന്നും പാർട്ടി വക്താവ് തരുണിമ ശ്രീവാസ്തവ പറഞ്ഞു. രാജ്യം കടുത്ത പകർച്ചവ്യാധി നേരിടുന്ന സമയത്ത് സർക്കാർ അഴിമതി നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം അയോധ്യയിൽ രാം ക്ഷേത്ര ട്രസ്റ്റ് ഭൂമി വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന ആരോപണം തെറ്റാണെന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.