ഹൈദരാബാദ്: മരണത്തിന് മുന്നില്‍ പ്രായം, ആരോഗ്യം തുടങ്ങി ഒന്നുംതന്നെ ഒരു തടസമേയല്ല എന്ന് പറയാറുണ്ട്. ശാരീരികമായി അധ്വാനിക്കുന്നവനും അലസമായിരിക്കുന്നവനും നിലവിലെ ജീവിതശൈലിയില്‍ ആരോഗ്യത്തിന് യാതൊരു ഉറപ്പും ലഭിക്കാനുമില്ല. ഹൈദരാബാദില്‍ വ്യായാമം ചെയ്യുന്നതിനിടെ കോണ്‍സ്‌റ്റബിള്‍ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിച്ചതും അത്തരത്തില്‍ ഒരു സംഭവമാണ്.
ആസിഫ് നഗര്‍ പൊലീസ് സ്‌റ്റേഷനിലെ കോണ്‍സ്‌റ്റബിളായ സെക്കന്തരാബാദിലെ ഗൗസ് മണ്ഡി നിവാസി വിശാല്‍ (24) പതിവുപോലെ ജിമ്മില്‍ വ്യായാമങ്ങള്‍ക്കായി എത്തിയതായിരുന്നു. ഡ്യൂട്ടിക്ക് ശേഷം വീട്ടിലെത്തി കുളിയെല്ലാം കഴിഞ്ഞായിരുന്നു വിശാല്‍ ജിമ്മിലെത്തിയത്. വന്നപാടെ വ്യായാമങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന മറ്റ് സുഹൃത്തുക്കള്‍ക്കൊപ്പം അദ്ദേഹം പ്രാരംഭ വ്യായാമങ്ങള്‍ നടത്തി. ഇതിന് ശേഷം മറ്റ് വ്യയാമ മുറകളിലേക്ക് തിരിഞ്ഞപ്പോഴാണ് വിശാലിന് ഹൃദയാഘാതമുണ്ടാകുന്നതും കുഴഞ്ഞുവീഴുന്നതും.
വിശാല്‍ കുഴഞ്ഞുവീഴുന്നത് കണ്ടതോടെ ചുറ്റിലുമായി വ്യായാമം ചെയ്‌തിരുന്ന സുഹൃത്തുക്കളെല്ലാം തന്നെ ഓടിയെത്തി. അദ്ദേഹത്തെ രക്ഷിക്കാന്‍ അവര്‍ പരമാവധി ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഡോക്‌ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. അതേസമയം വിശാല്‍ ജിമ്മില്‍ വ്യായാമം ചെയ്യുന്നതും ഹൃദയാഘാതം മൂലം വീഴുന്നതുമെല്ലാമുള്ള വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.