ലഖ്നൗ: ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുക്കി വിടരുതെന്ന അഭ്യർഥനയുമായി ഉത്തർപ്രദേശ് പൊലീസ്. ശവസംസ്കാര ചെലവ് വഹിക്കാൻ കഴിയാത്തവര്‍ അധികൃതരെ അറിയിക്കണമെന്നും പൊലീസ് ആളുകളോട് അഭ്യർഥിച്ചു. വിറകിന്‍റെ വില ക്വിന്‍റലിന് 650 രൂപയായി ഗാസിപൂർ ഭരണകൂടം നിശ്ചയിച്ചിട്ടുണ്ട്. മൃതദേഹം സംസ്‌കരിക്കുന്നതിന് 500 രൂപക്ക് വിറക് നല്‍കും. നദികളിൽ ആളുകൾ മൃതദേഹങ്ങൾ തള്ളുന്നത് തടയാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാന ദുരന്ത നിവാരണ സേനയോടും പ്രവിശ്യാ സായുധ സേനയോടും പട്രോളിങ് നടത്താൻ ഉത്തരവിട്ടിട്ടുണ്ട്.
Read More…………….ഇടിവി ഭാരത് ഇംപാക്ട്; ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുക്കിയ സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍
അതേസമയം കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണ് ഇത്തരത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ നോക്കാതെ ഒഴുക്കിവിട്ടിരിക്കുന്നത് എന്നാണ് ഉയരുന്ന ആരോപണം. അങ്ങനെയെങ്കില്‍ വെള്ളത്തിലൂടെ വൈറസ് വ്യാപനം നടക്കുമോയെന്നാണ് ആശങ്ക. പല ഗ്രാമങ്ങളിലേക്കും വെള്ളമെത്തിക്കുന്ന പ്രധാന ജല സ്രോതസാണ് ഗംഗ. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഗംഗയിലൂടെ മൃതദേഹങ്ങള്‍ കൂട്ടമായി ഒഴുകിയെത്തിയ സാഹചര്യത്തില്‍ കൊവിഡ് വ്യാപന ആശങ്ക ശക്തമായി. യുപി, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിലായി ഗംഗയിലൂടെ നൂറിലധികം മൃതദേഹങ്ങളാണ് പലപ്പോഴായി ഒഴുകിയെത്തിയത്.
മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുക്കിയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നോട്ടിസ് അയക്കുകയും ചെയ്തിരുന്നു.