മൊറേന : ഫാക്‌ടറിയിലെ വിഷവാതകം ശ്വസിച്ച് അഞ്ച് തൊഴിലാളികൾ മരണപ്പെട്ടു. മധ്യപ്രദേശിലെ മൊറേന ജില്ലയിലെ ജരേറുവ ഏരിയയിലെ സാക്ഷി ഫുഡ് പ്രൊഡക്‌ട്‌സ് എന്ന ഫാക്‌ടറിയിലാണ് വിഷവാതകം ചോർന്നത്. തിക്തോലി ഗ്രാമത്തിൽ താമസിക്കുന്ന സഹോദരങ്ങളായ രാമവത്താർ ഗുർജാർ (35), രാംനരേഷ് ഗുർജാർ (40), വീർസിംഗ് ഗുർജാർ (30) ഗണേഷ് ഗുർജാർ (40), ഗിർരാജ് ഗുർജാർ (28) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ 11 മണിയോടെ ഫാക്‌ടറിയിലെ ഭക്ഷ്യോൽപന്നങ്ങൾ നിർമിക്കുന്ന ടാങ്കിൽ നിന്ന് വാതകം പുറന്തള്ളുകയായിരുന്നു. ഇത് പരിശോധിക്കാൻ ടാങ്കിനകത്ത് കയറിയ രണ്ട് തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് അവശരായി. ഇവരെ രക്ഷപ്പെടുത്താനായി ശ്രമിച്ചതോടെയാണ് ബാക്കി മൂന്ന് പേർക്ക് ജീവൻ നഷ്‌ടമായത്. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്‌ഡിഎം) ഭൂപേന്ദ്ര സിങ് കുശ്‌വാഹയെ ഉദ്ധരിച്ച് വാർത്ത ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്‌തു.
വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. എല്ലാവരെയും ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മരിച്ച അഞ്ച് തൊഴിലാളികളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. കൂടാതെ ഫാക്‌റിയിലെ മുഴുവൻ ആളുകളെയും ഒഴിപ്പിച്ചിട്ടുണ്ട്. ഭക്ഷ്യ ഉത്‌പന്നങ്ങളിൽ ഉപയോഗിക്കുന്ന സംസ്‌കരിച്ച ചെറികളും പഞ്ചസാര രഹിത രാസവസ്‌തുക്കളുമാണ് ഫാക്‌ടറിയില്‍ ഉത്പാദിപ്പിക്കുന്നത്. സഹോദരങ്ങളുടെ മരണത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അനുശോചനം രേഖപ്പെടുത്തി.
എണ്ണ ടാങ്കർ ശുചീകരണത്തിനിടെ വിഷവാതകം ശ്വസിച്ച് ഏഴ് തൊഴിലാളികൾക്ക് ദാരുണാന്ത്യം; കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് ആന്ധ്രാപ്രദേശിലെ കാക്കിനടയിൽ എണ്ണ ടാങ്കർ ശുദ്ധീകരിക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ഏഴ് തൊഴിലാളികൾ മരിച്ചിരിന്നു. വെച്ചാംഗി കൃഷ്‌ണ, വെച്ചാംഗി നരസിംഹ, സാഗർ കെ. ബഞ്ചുബാബു, കുറ രാമറാവു. കാട്ടാമുരി ജഗദീഷ്, പ്രസാദ് എന്നിവരാണ് മരണപ്പെട്ടത്. കാക്കിനട ജില്ലയിലെ പെദ്ദാപുരം മണ്ഡലത്തിലെ രാമമ്പേട്ടയിലാണ് ദാരുണ സംഭവമുണ്ടായത്.
അമ്പാട്ടി സുബ്ബണ്ണ ഓയിൽ ഫാക്‌ടറി വളപ്പിലെ നിർമാണം പുരോഗമിക്കുന്ന ഭക്ഷ്യ എണ്ണ ടാങ്കർ വൃത്തിയാക്കുന്നതിനിടെയാണ് വിഷവാതകം ശ്വസിച്ച് തൊഴിലാളികൾക്ക് ജീവൻ നഷ്‌ടമായത്. ടാങ്കർ വൃത്തിയാക്കാൻ തൊഴിലാളികൾ ഒന്നിനുപുറകെ ഒന്നായി അകത്ത് കയറുകയായിരുന്നു.
പിന്നാലെ വിഷവാതകം ഉള്ളിൽ ചെന്നതോടെ തൊഴിലാളികൾക്ക് ശ്വാസം മുട്ടൽ അനുഭവപ്പെടുകയും തൽക്ഷണം മരിക്കുകയുമായിരുന്നു. മരിച്ചവരിൽ അഞ്ച് പേർ പാടേരു സ്വദേശികളും ബാക്കിയുള്ളവർ പുലിമേരു നിവാസികളുമാണെന്ന് പൊലീസ് അറിയിച്ചു.
ALSO READ : എണ്ണ ടാങ്കർ ശുചീകരണത്തിനിടെ വിഷവാതകം ശ്വസിച്ച് ഏഴ് തൊഴിലാളികൾക്ക് ദാരുണാന്ത്യം