പെറ്റ്‌ബാഷിരബാദ് (തെലങ്കാന) : ഏഴുവയസുകാരിയെ അയൽവാസിയും മകനും ചേർന്ന് പീഡിപ്പിച്ചു. തെലങ്കാനയിലെ പെറ്റ്‌ബാഷിരബാദ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെയാണ് സംഭവം. കർണാടക സ്വദേശികളായ ശിവകുമാർ (44), മകൻ ശ്യാമൽ (19) എന്നിവരാണ് കേസിലെ പ്രതികൾ.
അയൽവാസികളായ ഇവരുടെ വീട്ടിൽ പെൺകുട്ടി പോകാറുണ്ടായിരുന്നു. ഇന്നലെ പെൺകുട്ടിയുടെ മാതാപിതാക്കൾ ബഹാദുർപ്പള്ളിയിൽ ജോലിക്ക് പോയ സമയത്താണ് പീഡനം നടന്നത്. കളിക്കാൻ മൊബൈൽ ഫോണും കഴിക്കാൻ സമൂസയും തരാമെന്ന് പറഞ്ഞ് ഇയാൾ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകുകയും പീഡനത്തിനിരയാക്കുകയുമായിരുന്നു. തുടർന്ന് ശിവകുമാറിന്‍റെ മകനും കുട്ടിയെ പീഡനത്തിനിരയാക്കി.
പിന്നീട് രക്തം വാർന്നൊഴുകുന്ന നിലയിൽ കുട്ടി തിരികെ വീട്ടിലെത്തി. ജോലി കഴിഞ്ഞെത്തിയ രക്ഷിതാക്കളോട് കുട്ടി വിവരം പറയുകയും ചെയ്‌തു. ഉടൻ തന്നെ മാതാപിതാക്കൾ കുട്ടിയെ പ്രാദേശിക ഡോക്‌ടറെ കാണിച്ചെങ്കിലും ഇയാൾ കുട്ടിക്ക് ചികിത്സ നിഷേധിച്ചു. തുടർന്ന് മാതാപിതാക്കൾ പെറ്റ്‌ബാഷിരബാദ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. കുട്ടിയെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌ത് വരികയാണ്.
ആലുവയിലെ അഞ്ചുവയസുകാരിയുടെ പീഡനം : കഴിഞ്ഞ ജൂലൈ 28നാണ് ആലുവയിൽ അഞ്ചുവയസുകാരിയെ ബിഹാർ സ്വദേശി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത്. ജ്യൂസ് വാങ്ങിത്തരാം എന്ന് പറഞ്ഞ് പ്രതി അസ്‌ഫാക് ആലം കുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയും പീഡനത്തിനിരയാക്കുകയുമായിരുന്നു. പീഡിപ്പിച്ച ശേഷം ഇയാൾ കുട്ടിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
കുട്ടിയെ കാണാനില്ല എന്ന രക്ഷിതാക്കളുടെ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തിയിരുന്നെങ്കിലും കുട്ടി എവിടെയാണെന്ന് കണ്ടെത്താൻ സാധിച്ചിരുന്നില്ല. കുട്ടിയെ കൈമാറ്റം ചെയ്‌തുവെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ജൂലൈ 29ന് ആലുവ മാർക്കറ്റിന് സമീപത്ത് നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായി എന്നും കണ്ടെത്തി. കുട്ടിയെ പീഡിപ്പിച്ചതും കൊലപ്പെടുത്തിയും പിടിയിലായ പ്രതി അസ്‌ഫാക് ആലം തന്നെയാണെന്നും അന്വേഷണത്തിൽ വ്യക്തമായി.
പതിനൊന്നുകാരിയെ പീഡിപ്പിച്ച് ആർമി ഉദ്യോഗസ്ഥൻ : ഉത്തര്‍പ്രദേശില്‍ 11കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ആര്‍മി ഉദ്യോഗസ്ഥന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചിരുന്നു. മണിപ്പൂരിലെ തൗബ ജില്ല സ്വദേശിയായ സേനാനായക് എൻ ഘൻശ്യാമിനെയാണ് കോടതി ശിക്ഷിച്ചത്. പോക്‌സോ സ്‌പെഷല്‍ കോടതി ജഡ്‌ജി പ്രമേന്ത കുമാറിന്‍റേതാണ് വിധി. 2013 മുതൽ തുടർച്ചയായി ആറ് വർഷം പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായി.
ആർമിയിലെ മുതിർന്ന ഉദ്യോഗസ്ഥന്‍റെ മകളാണ് പീഡനത്തിനിരയായത്. പ്രതി പെൺകുട്ടിയുടെ അച്ഛനെ കാണാൻ പലപ്പോഴായി ഇവർ താമസിച്ചിരുന്ന ആഗ്രയിലെ വീട്ടിലെത്താറുണ്ടായിരുന്നു. എന്നാൽ ഒരിക്കൽ ഇയാൾ വീട്ടിലെത്തിയപ്പോൾ പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. തുടർന്ന് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. പിന്നീട് പെൺകുട്ടിയും കുടുംബവും ഭോപ്പാലിലേക്ക് താമസം മാറി. ഇവിടെ വച്ച് ഈ ദൃശ്യങ്ങൾ കാണിച്ച് പെൺകുട്ടിയെ ആറ് വർഷത്തോളം ഇയാൾ പീഡനത്തിനിരയാക്കുകയുമായിരുന്നു.