ന്യൂഡല്‍ഹി : പഞ്ചാബ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട സുരക്ഷാവീഴ്‌ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതി അന്വേഷിക്കും. പഞ്ചാബ് സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെ സുപ്രീംകോടതിയാണ് സമിതിയെ നിയോഗിച്ചത്.
ഡയറക്‌ടര്‍ ജനറല്‍ അല്ലെങ്കില്‍ ഐജി, എൻഐഎ റാങ്കിൽ കുറയാത്ത പ്രതിനിധി, ചണ്ഡിഗഡിലെ പോലീസ് ഡിജി, പഞ്ചാബ് എഡിജിപി (സെക്യൂരിറ്റി), പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ രജിസ്ട്രാർ ജനറൽ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്‌ചയെക്കുറിച്ച് അന്വേഷിക്കാൻ വിരമിച്ച സുപ്രീംകോടതി ജഡ്‌ജിയുടെ നേതൃത്വത്തിൽ ഒരു സ്വതന്ത്ര സമിതി രൂപീകരിക്കുമെന്ന് തിങ്കളാഴ്‌ച കോടതി വ്യക്തമാക്കിയിരുന്നു. കേന്ദ്രസര്‍ക്കാരും പഞ്ചാബ് സർക്കാരും രൂപീകരിച്ച എല്ലാ അന്വേഷണ സമിതികളെയും ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തിലുള്ള ബഞ്ച് തടഞ്ഞു.
Read more: വൻ സുരക്ഷ വീഴ്‌ച, പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹന വ്യൂഹം കുടുങ്ങി
ഡിജിപി ചണ്ഡിഗഡ്, എന്‍ഐഎ ഐജി, പഞ്ചാബ്-ഹരിയാന ഹൈക്കോടതി രജിസ്ട്രാർ ജനറൽ, എഡിജിപി എന്നിവരും സമിതിയിൽ ഉൾപ്പെടുമെന്ന് സുപ്രീംകോടതി നേരത്തെ സൂചിപ്പിച്ചിരുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന് വിശദീകരണം ആവശ്യപ്പെട്ട് ഏഴ് കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു.
ജനുവരി 5ന് പഞ്ചാബിലെ ഫിറോസ്‌പൂരിലേക്കുള്ള യാത്രക്കിടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം മേല്‍പ്പാലത്തില്‍ കുടുങ്ങിയിരുന്നു. തുടര്‍ന്ന് നേരത്തെ നിശ്ചയിച്ചിരുന്ന ഒരു പരിപാടിയിലും പങ്കെടുക്കാതെ പഞ്ചാബില്‍ നിന്ന് പ്രധാനമന്ത്രി മടങ്ങി. പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ പഞ്ചാബ് സര്‍ക്കാര്‍ കൃത്യവിലോപം കാട്ടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരോപിച്ചിരുന്നു.