കൊൽക്കത്ത: ഇത്തവണ പശ്ചിമബംഗാൾ ബിജെപി പിടിച്ചെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിൽ നടന്ന റാലിക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബംഗാളിന്‍റ അഭിവൃദ്ധിക്ക് ബിജെപി സർക്കാർ അനിവാര്യമാണ്, സംസ്ഥാനത്തിന്‍റെ നല്ലൊരു ഭാവിക്കായി പ്രവർത്തിച്ച 130 പാർട്ടി പ്രവർത്തകരുടെ ജീവനാണ് വിവിധ സംഘർഷത്തിനിടെ നഷ്‌ടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഈ ആക്രമണങ്ങൾക്കിടയിലും ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് നിരവധി പ്രവർത്തനങ്ങൾ കാഴ്‌ചവച്ചു.
ദിലീപിനെ പോലെ നല്ലൊരു അധ്യക്ഷനെ ലഭിച്ചതിൽ താൻ അഭിമാനിക്കുന്നതായും മോദി പറഞ്ഞു. വർഷങ്ങളായി തൃണമൂൽ കോൺഗ്രസ് സർക്കാർ ബംഗാളിന്‍റെ വികസനം തടഞ്ഞുവച്ചിരിക്കുകയാണെന്നും മോദി ആരോപിച്ചു. ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് മാർച്ച് 27 മുതൽ എട്ട് ഘട്ടങ്ങളായാണ് നടക്കുക. അവസാനഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29നും വോട്ടെണ്ണൽ മെയ് രണ്ടിനും നടക്കും.