എറണാകുളം: നാവികസേനയുടെ പുതിയ പതാക പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്‌തു. ഇന്ത്യയിൽ ആദ്യമായി തദ്ദേശീയമായി നിർമിച്ച വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് ഇന്ന്(02.09.2022) രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങിനിടെയായിരുന്നു പുതിയ പതാകയുടെ പ്രകാശനം. പുതിയ കപ്പൽ നാവികസേനയ്‌ക്ക് പ്രധാനമന്ത്രി ഔദ്യോഗികമായി കൈമാറുകയും സേനയുടെ പുതിയ പതാക രാജ്യത്തിന് സമർപ്പിക്കുകയും ചെയ്‌തു.
കൊളോണിയൽ ഭൂതകാലത്തിന്‍റെ അവശേഷിപ്പുകൾ ഇല്ലാതാക്കി, സമ്പന്നമായ ഇന്ത്യൻ സമുദ്ര പൈതൃകത്തിന് യോജിച്ചതാണ് പുതിയ പതാകയെന്നാണ് പതാക പ്രകാശിപ്പിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ വിശേഷിപ്പിച്ചത്. സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇത് നാലാം തവണയാണ് നാവിക സേനയുടെ പതാകയ്‌ക്ക് മാറ്റം വരുത്തുന്നത്. നാവികസേനയുടെ പതാകയുടെ അവസാനത്തെ പരിഷ്‌കരണമാകും ഇതെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയുടെ കൊളോണിയൽ ഭൂതകാലത്തോട് വിടപറയാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് നാവികസേനയുടെ പുതിയ പതാക. സെന്‍റ് ജോർജ് ക്രോസിന്‍റെ ഒരറ്റത്ത് ത്രിവർണ്ണ പതാക പതിപ്പിച്ചതാണ് നാവികസേനയുടെ പഴയ പതാക. വെള്ളപതാകയിൽ നെറുകെയും കുറുകെയും ചുവന്ന വരയും ഈ വരകൾ കൂട്ടിമുട്ടുന്നിടത്ത് ദേശീയചിഹ്നമായ അശോകസ്‌തംഭവും, ഇടത് വശത്ത് മുകളിലായി ദേശീയ പതാകയുമാണ് നിലവിലെ പതാക.
2014ലാണ് ഈ പതാക നിലവിൽ വന്നത്. ചുവന്ന വരകൾ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍റെ സൂചനയാണ്. സെന്‍റ് ജോര്‍ജ് ക്രോസെന്നാണ് അവ അറിയപ്പെടുക. അതിനാൽ അവ ഒഴിവാക്കണമെന്ന ആവശ്യം കാലങ്ങളായി ഉയരുന്നതാണ്. നേരത്തെ മറ്റ് സേനകളും ഇത്തരം ചിഹ്നങ്ങൾ ഉപയോഗിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിയിരുന്നു.
പ്രൗഢമായ പുതിയ പതാക: ഛത്രപതി ശിവജിയുടെ മുദ്രയുള്ളതാണ് പുതിയ പതാക. വെള്ള പതാകയുടെ ഇടതുവശത്ത് മുകളിലായി ഇന്ത്യയുടെ പതാകയും വലത് വശത്ത് നാവിക സേനയുടെ പുതിയ ചിഹ്നത്തിൽ ദേവനാഗരി ലിപിയിൽ 'സത്യമേവ് ജയതേ' എന്ന ദേശീയ മുദ്രാവാക്യവും ആങ്കറും നേവിയുടെ മുദ്രാവാക്യവും കൊത്തിവച്ചിരിക്കുന്ന ഇന്ത്യൻ ദേശീയ ചിഹ്നം അടങ്ങിയിരിക്കുന്നു. 10 ഡിസൈനുകളിൽ നിന്നാണ് പുതിയ പതാക തിരഞ്ഞെടുത്തത്.