അഹമ്മദാബാദ്: ഏകദിന ലോകകപ്പ് 2023-ന്‍റെ (Cricket World Cup 2023) ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍ എത്തുന്നതിന് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രിയും. ഞായറാഴ്‌ച നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ (Narendra Modi stadium) നടക്കുന്ന ഏകദിന ലോകകപ്പിന്‍റെ ഫൈനല്‍ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും. ഗുജറാത്ത് ആഭ്യന്തര വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥാന്‍ ഇക്കാര്യം ഇടിവി ഭാരതിനോട് സ്ഥിരീകരിച്ചിട്ടുണ്ട്. (Prime Minister Narendra Modi to witness India vs Australia Cricket World Cup 2023 final in Ahmedabad)
ഏകദിന ലോകകപ്പില്‍ മൂന്നാം കിരീടം തേടിയാണ് ആതിഥേയരായ ഇന്ത്യ അഞ്ച് തവണ ചാമ്പ്യന്മാരായിട്ടുള്ള ഓസ്‌ട്രേലിയയ്‌ക്ക് എതിരെ എത്തുന്നത്. ഈ ലോകകപ്പില്‍ ഇതേവരെ തോല്‍വി അറിയാതെയാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത ഉറപ്പിച്ചത്. സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെയായിരുന്നു രോഹിത് ശര്‍മയുടെ (Rohit Sharma) ടീം തോല്‍പ്പിച്ചത്.
ALSO READ: 'എതിരാളികള്‍ ടൂര്‍ണമെന്‍റിലെ മികച്ച ടീം': ലോകകപ്പ് ഫൈനലിനെ കുറിച്ച് മിച്ചല്‍ സ്റ്റാര്‍ക്
കഴിഞ്ഞ പതിപ്പില്‍ ഇതേ ന്യൂസിലന്‍ഡിനോട് തോല്‍വി വഴങ്ങിക്കൊണ്ടായിരുന്നു ഇന്ത്യ ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായത്. ഇത്തവണ സ്വന്തം മണ്ണില്‍ വച്ച് ഇതിന് മറുപടി നല്‍കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു. മറുവശത്ത് ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ തോറ്റതിന് ശേഷമായിരുന്നു പാറ്റ് കമ്മിന്‍സിന്‍റെ സംഘത്തിന്‍റെ കുതിപ്പ്. ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടുമായിരുന്നു ഓസീസ് തോല്‍വി വഴങ്ങിയത്.
പിന്നീട് തുടര്‍വിജയങ്ങളുമായാണ് ടീം മുന്നേറ്റമുറപ്പിച്ചത്. രണ്ടാം സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ആയിരുന്നു ഓസീസ് കീഴടക്കിയത്. ഇനി ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ ഇന്ത്യ-ഓസീസ് ടീമുകള്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ വിജയം ആര്‍ക്കൊപ്പമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
ഓസ്‌ട്രേലിയ സ്ക്വാഡ് ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 : ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജോഷ് ഇംഗ്ലിസ്, മാര്‍ക്കസ് സ്റ്റോയിനിസ്, സ്റ്റീവ് സ്‌മിത്ത്, മാര്‍നസ് ലബുഷെയ്‌ന്‍, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് കാരി, ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ് (ക്യാപ്‌റ്റന്‍), സീന്‍ ആബോട്ട്, മിച്ചല്‍ സ്റ്റാര്‍ക്, ആദം സാംപ. (Cricket World Cup 2023 Australia Squad).
ALSO READ: വെടിക്കെട്ടിന് രോഹിത്, നങ്കൂരമിടാന്‍ കോലി, എറിഞ്ഞിടാന്‍ ബുംറയും ഷമിയും; 2011 ആവര്‍ത്തിക്കാന്‍ ഇന്ത്യ
ഇന്ത്യ സ്ക്വാഡ് ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 : രോഹിത് ശർമ (ക്യാപ്‌റ്റന്‍), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍) ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഇഷാന്‍ കിഷന്‍, രവിചന്ദ്രന്‍ അശ്വിന്‍, ശാര്‍ദുല്‍ താക്കൂര്‍, പ്രസിദ്ധ് കൃഷ്‌ണ (Cricket World Cup 2023 India Squad).