ന്യൂഡൽഹി : മഹോബ ജില്ലയിൽ എൽപിജി കണക്ഷനുകൾ കൈമാറിക്കൊണ്ട് ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉജ്വല 2.0ക്ക് തുടക്കം കുറിക്കും. വീഡിയോ കോൺഫറൻസിലൂടെയാകും പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുക.
ചടങ്ങിൽ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനൊപ്പം ഗുണഭോക്താക്കളുമായും സംവദിക്കും. നിക്ഷേപ രഹിത എൽപിജി കണക്ഷൻ നൽകുന്നതിനൊപ്പം ആദ്യ റീഫില്ലിങും ഹോട്ട് പ്ലേറ്റും ഉജ്വല 2.0 വഴി സൗജന്യമായി നൽകും.
ഉജ്വല 2.0ൽ അംഗങ്ങളാകാൻ കുടിയേറ്റക്കാർ റേഷൻ കാർഡോ വിലാസം തെളിയിക്കുന്നതിനുള്ള രേഖകളോ ഹാജരാക്കേണ്ടതില്ല. എൽപിജി എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യം നേടാൻ സഹായിക്കുന്നതാണ് പദ്ധതിയെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Also Read: തമിഴ്‌നാട്ടിൽ വാർഷിക കാർഷിക ബജറ്റ് അവതരിപ്പിക്കാന്‍ സ്റ്റാലിന്‍ സര്‍ക്കാര്‍
2021-2022 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിൽ പിഎംയുവൈ സ്കീമിന് കീഴിൽ ഒരു കോടി അധിക എൽപിജി കണക്ഷൻ നൽകാനുള്ള വ്യവസ്ഥ സർക്കാർ പ്രഖ്യാപിച്ചിരുന്നു.
പിഎംയുവൈയിൽ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്താൻ കഴിയാതെ പോയ കുടുംബങ്ങൾക്കാണ് ഈ അധിക ഒരു കോടി കണക്ഷനുകളുടെ ഗുണം ലഭിക്കുക. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ അഞ്ച് കോടി സ്ത്രീകൾക്ക് എൽപിജി നൽകുന്നത് ലക്ഷ്യമിട്ടാണ് 2016ൽ ഉജ്വല 1.0 ആരംഭിച്ചത്.