ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന്(17.09.2022) 72-ാം ജന്മദിനം. രാജ്യത്തുടനീളമുള്ള രാഷ്‌ട്രീയ നേതാക്കളടക്കമുള്ള പ്രമുഖര്‍ അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നു. മോദിയുടെ ഓരോ ജന്മദിനത്തിലും പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും ബിജെപിയുടെ നേതൃത്വം തുടക്കം കുറിക്കാറുണ്ട്. ഇത്തവണയും ജന്മദിനാഘോഷത്തോടൊപ്പം നിരവധി സേവ(service) പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നുണ്ട്.
മധ്യപ്രദേശിലാണ് ജന്മദിനാഘോഷങ്ങള്‍ നടക്കുന്നത്. പിറന്നാള്‍ ദിനമായ ഇന്ന് ആഫ്രിക്കയിലെ നമീബിയയില്‍ നിന്നും കൊണ്ട് വന്ന ചീറ്റപുലികളെ കുനോ നാഷണല്‍ പാര്‍ക്കില്‍ തുറന്ന് വിട്ടു. രാജ്യത്തിന് വേണ്ടി സമാനതകളില്ലാതെ പ്രവര്‍ത്തിക്കുന്ന നേതാവാണ് പ്രധാനമന്ത്രിയെന്നും ഇന്ത്യക്ക് വേണ്ടി ഇനിയും കൂടുതല്‍ അര്‍പ്പണബോധത്തോടെ കഠിനാധ്വാനം ചെയ്യാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്നും പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു.
ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻഖറും മോദിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. മോദിയുടെ പ്രചോദനാത്മകമായ ഭരണവും നേതൃത്വവുമാണ് ഭാരതത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ മന്ത്രിമാരും എൻസിപിയുടെ ശരദ് പവാർ, ആർജെഡിയുടെ തേജസ്വി യാദവ്, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തുടങ്ങിയ പ്രതിപക്ഷ നേതാക്കളും പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംകള്‍ നേര്‍ന്നു.
'72-ാം വയസിലേക്ക് കാല്‍വെക്കുന്ന മോദിക്ക് ജന്മദിനാശംകള്‍'. 'ഇനിയും കൂടുതല്‍ കാലം ആരോഗ്യത്തോടെ ഇരിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നുവെന്നും' കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു. അതേസമയം 'പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍, രാജ്യത്തെ മുഴുവന്‍ മേഖലകളെയും വികസനത്തിലേക്ക് നയിക്കുന്ന ഇന്ത്യന്‍ സംസ്‌കാരത്തിന്‍റെ പതാക വാഹകനാണ് അദ്ദേഹമെന്ന്' ആഭ്യന്തര മന്ത്രി അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിന്‍റെ ദീര്‍ഘ വീക്ഷണമാണ് ഇന്ത്യയെ ഒരു ലോകശക്തിയാക്കി ഉയര്‍ത്തുന്നത്. മോദിയുടെ ജീവിതം സേവനത്തിന്‍റെയും അർപ്പണബോധത്തിന്‍റെയും പ്രതീകമാണെന്നും അമിത് ഷാ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ രാഷ്‌ട്രീയത്തെ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തിയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. രാജ്യത്ത് മുമ്പൊന്നുമില്ലാത്ത തരത്തിലുള്ള ഭരണമാണ് അദ്ദേഹം കാഴ്‌ചവച്ചത്. ഇന്ത്യയുടെ അന്തസും ആത്മാഭിമാനവും ഉയത്തുന്നതിനൊപ്പം പാവപ്പെട്ടവരുടെ ക്ഷേമത്തിനും പ്രധാന്യം നല്‍കുകയും ചെയ്യുന്നുണ്ട് മോദിയെന്നും ആശംസകള്‍ അറിയിച്ച് കൊണ്ട് രാജ്‌നാഥ് സിങ് പറഞ്ഞു. ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയും മോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
'ഏക് ഭാരത് ശ്രേഷ്‌ഠ ഭാരത് ശില്‍പിയായ പ്രധാനമന്ത്രിക്ക് ഹൃദയം നിറഞ്ഞ ആശംസകളെന്ന്' ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്‌തു. ബഹുജൻ സമാജ് പാർട്ടി അധ്യക്ഷ മായാവതിയും പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു. കൂടാതെ മോദിക്ക് പിറന്നാള്‍ ആശംസകള്‍ അര്‍പ്പിച്ച് കൊണ്ട് പുതുച്ചേരി മുഖ്യമന്ത്രി എൻ രംഗസാമിയും എത്തി.
പ്രധാനമന്ത്രിയുടെ മാര്‍ഗനിര്‍ദേശവും പരിശ്രമവുമാണ് ഇന്നത്തെ തലമുറയ്‌ക്ക് ആവശ്യമെന്നും തനിക്കും പുതുച്ചേരിയിലെ ജനങ്ങള്‍ക്കും രാജ്യത്തിനും ഗുണകരമാവുന്നതിനായി മോദിക്ക് ഇനിയും ഒരുപാട് കാലം ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കാനാവട്ടെയെന്നും അദ്ദേഹം പറഞ്ഞു. ചെറുപ്പം മുതല്‍ ആര്‍ എസ് എസ് പ്രചാരകനായിരുന്ന മോദി 2001 ലാണ് ഗുജറാത്ത് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് 2002, 2007, 2012 വർഷങ്ങളിൽ തുടർച്ചയായി മൂന്ന് ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പുകളിലും 2014, 2019 ലോക്‌സഭ തെരഞ്ഞെടുപ്പുകളിലും അദ്ദേഹം വിജയിച്ചു.