ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനുമായി കൂടിക്കാഴ്‌ച നടത്തും. സെപ്റ്റംബർ 24ന് പ്രസിഡന്‍റ് ജോ ബൈഡൻ ആതിഥേയത്വം വഹിക്കുന്ന ആദ്യ നാലുരാഷ്‌ട്ര ചർച്ചയിൽ പങ്കെടുക്കാൻ എത്തുമ്പോഴാണ് മോദി ബൈഡനുമായി കൂടിക്കാഴ്‌ച നടത്തുക.
ജപ്പാൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രിമാരും ചർച്ചയിൽ പങ്കെടുക്കും.നാലുരാഷ്‌ട്ര ചർച്ചയിൽ കൊവിഡ് വ്യാപനം തടയുന്നതിനായി നാല് രാജ്യങ്ങളിലെ നേതാക്കന്മാർ മാർച്ചിൽ പ്രഖ്യാപിച്ച ക്വാഡ് വാക്‌സിൻ സംരംഭം അവലോകനം ചെയ്യും. സൈബർ സുരക്ഷ, സമുദ്ര സുരക്ഷ, ദുരിതാശ്വാസ സഹായം, കാലാവസ്ഥ വ്യതിയാനം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളും കൂടിക്കാഴ്‌ചയിൽ ചർച്ചയാകും.
സ്വതന്ത്രവും വിശാലവുമായ ഇന്തോ-പസഫിക് മേഖല ഉറപ്പ് വരുത്തുന്നതിനുള്ള നേതാക്കളുടെ കാഴ്‌ചപ്പാട് ചർച്ച ചെയ്യുന്നതിനും കൂടിക്കാഴ്‌ചയിൽ അവസരമുണ്ടാകും. 25ന് ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്‌ട്ര സഭ ജനറൽ അസംബ്ലിയുടെ 76-ാമത് സെഷന്‍റെ പൊതുസമ്മേളനത്തെ മോദി അഭിസംബോധന ചെയ്യും. കൊവിഡിൽ നിന്ന് കരകയറുക, സുസ്ഥിരത പുനർനിർമിക്കുക, ജനങ്ങളുടെ അവകാശങ്ങളെ മാനിക്കുക, ഐക്യരാഷ്‌ട്ര സഭയെ പുനരുജ്ജീവിപ്പിക്കുക എന്നിവയാണ് ഈ വർഷത്തെ പൊതുചർച്ചയുടെ പ്രമേയം.
Also Read: മൂന്നാം തരംഗം കുട്ടികളെ ബാധിക്കില്ല, 71 ശതമാനം പേരിലും ആന്‍റീബോഡി