ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് 19 സാഹചര്യം അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് യോഗം. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ, ഒമിക്രോൺ സബ് വേരിയന്‍റായ ബിഎഫ്.7 കേസുകൾ നാലെണ്ണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്.
നിലവിൽ രാജ്യത്ത് കൊവിഡ് 19 ന്‍റെ 10 വ്യത്യസ്‌ത വകഭേദങ്ങളുണ്ടെന്നും ഏറ്റവും പുതിയത് ബിഎഫ്.7 ആണെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. രാജ്യത്തെ നിലവിലെ കൊവിഡ് സാഹചര്യവും സ്വീകരിക്കേണ്ട നിയന്ത്രണങ്ങളും പൊതുജനാരോഗ്യ സംവിധാനത്തിന്‍റെ തയ്യാറെടുപ്പുകളും അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ ഇന്നലെ യോഗം ചേർന്നിരുന്നു. കൊവിഡ് 19നെതിരെ വാക്‌സിനേഷൻ എടുക്കാനും മുൻപ് സ്വീകരിച്ച തരത്തിലുള്ള എല്ലാ മുൻകരുതലുകൾ തുടരാനും മാണ്ഡവ്യ ഇന്നലെ അറിയിച്ചു. ആഗോളതലത്തിൽ കൊവിഡ് 19 വർധിച്ചുകൊണ്ടിരിക്കെ സാമ്പിളുകളുടെ ജീനോം സീക്വൻസിങ് നടത്താൻ കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങളെയും അറിയിച്ചതായി ആരോഗ്യ അഡിഷണൽ ചീഫ് സെക്രട്ടറി മനോജ് അഗർവാൾ അറിയിച്ചു.
ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഫ്രാൻസ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളിൽ കൊവിഡ് കേസുകളിൽ ഭയാനകമായ വർധനവുണ്ടായിട്ടുണ്ട്.