ന്യൂഡൽഹി : കേന്ദ്ര സര്‍ക്കാരിന്‍റെ ഡിജിറ്റല്‍ പെയ്മെന്‍റ് സംവിധാനമായ ഇ-റുപി തിങ്കളാഴ്‌ച പ്രധാനമന്ത്രി നരേന്ദ്രമോദി ലോഞ്ച് ചെയ്യും. വൈകീട്ട് നാലരയ്ക്ക് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ലോഞ്ചിങ്.
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൃത്യമായി ഉപഭോക്താക്കളില്‍ എത്തുന്നുണ്ടെന്ന് ഇ-റുപി ഉറപ്പ് വരുത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറഞ്ഞു.
ഡിജിറ്റല്‍ പെയ്മെന്‍റിനുള്ള പണ രഹിതവും സമ്പര്‍ക്ക രഹിതവുമായ മാര്‍ഗമാണ് ഇ-റുപി. ക്യുആർ കോഡ്, എസ്എംഎസ് സ്ട്രിംഗ് അധിഷ്‌ഠിത ഇ-വൗച്ചറായാണ് ഇ-റുപി പ്രവര്‍ത്തിക്കുക.
Also read: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി അമിത് ഷാ യുപിയിലേക്ക് ; വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും
നാഷണല്‍ പെയ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, കുടുംബാരോഗ്യ ക്ഷേമ മന്ത്രാലയം, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവ സംയുക്തമാണ് ഈ സംവിധാനം ഒരുക്കിയത്.
മാതൃ-ശിശു ക്ഷേമ പദ്ധതികൾ, ക്ഷയരോഗ നിർമാർജന പരിപാടികൾ, ആയുഷ്‌മാൻ ഭാരത്, പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന തുടങ്ങിയ പദ്ധതികൾക്ക് കീഴില്‍ മരുന്നുകളും പോഷകാഹാരങ്ങളും വിതരണം ചെയ്യുന്നതിനും ഇതിന്‍റെ സേവനം ഉപയോഗിക്കാം.
ജീവനക്കാരുടെ ക്ഷേമ പദ്ധതികള്‍ക്കും കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിളിറ്റിയുടെ ഭാഗമായും സ്വകാര്യ മേഖലയ്ക്കും ഡിജിറ്റൽ വൗച്ചറുകൾ പ്രയോജനപ്പെടുത്താമെന്നും പ്രസ്‌താവനയില്‍ പറയുന്നു.