ന്യൂഡൽഹി : പുതുതായി നിർമിച്ച പാർലമെന്‍റ് മന്ദിരം മെയ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ലോക്‌സഭ സ്‌പീക്കർ മോദിയെ സന്ദർശിച്ച് പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനത്തിനുള്ള ക്ഷണം നൽകിയതായി ലോക്‌സഭ സെക്രട്ടേറിയറ്റ് അറിയിച്ചു. ലോക്‌സഭ ചേംബറിൽ 888 അംഗങ്ങൾക്കും രാജ്യസഭ ചേംബറിൽ 300 അംഗങ്ങൾക്കും കൂടുതൽ മെച്ചപ്പെട്ട സൗകര്യത്തോടെ ഇരിക്കാൻ കഴിയുന്നതാണ് പുതിയ പാർലമെന്‍റ് മന്ദിരം.
ഇരുസഭകളുടെയും സംയുക്ത സമ്മേളനമാണെങ്കിൽ, ലോക്‌സഭ ചേംബറിൽ മൊത്തം 1,280 അംഗങ്ങളെ ഉൾക്കൊള്ളാൻ കഴിയും. 2020 ഡിസംബർ 10 നാണ് പ്രധാനമന്ത്രി പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ തറക്കല്ലിടൽ നിർവഹിച്ചത്. ഗുണനിലവാരമുള്ള നിർമാണത്തോടെ റെക്കോർഡ് സമയത്താണ് പുതിയ കെട്ടിടം നിർമിച്ചതെന്ന് ലോക്‌സഭ സെക്രട്ടേറിയറ്റ് അറിയിച്ചു.
1927ൽ പൂർത്തിയാക്കിയ ഇന്നത്തെ പാർലമെന്‍റ് മന്ദിരത്തിന് ഇപ്പോൾ 96 വർഷത്തെ പഴക്കമുള്ളതാണ്. കാലക്രമേണ, പഴയ കെട്ടിടം ഇന്നത്തെ ആവശ്യങ്ങൾക്ക് പര്യാപ്‌തമല്ലെന്ന് കണ്ടെത്തി. പാർലമെന്‍റിന് പുതിയ കെട്ടിടം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയും രാജ്യസഭയും പ്രമേയങ്ങൾ പാസാക്കിയിരുന്നു.
ടാറ്റ പ്രോജക്‌റ്റ്സ് ലിമിറ്റഡ് നിർമിക്കുന്ന പുതിയ കെട്ടിടത്തിൽ ഇന്ത്യയുടെ ജനാധിപത്യ പൈതൃകം പ്രദർശിപ്പിക്കുന്നതിനായി ഒരു മഹത്തായ ഭരണഘടന ഹാൾ, എംപിമാർക്കുള്ള വിശ്രമ മുറി, ലൈബ്രറി, ഒന്നിലധികം കമ്മിറ്റി മുറികൾ, ഡൈനിങ് ഏരിയകൾ, വിശാലമായ പാർക്കിങ് സ്ഥലം എന്നിവയാണ് ഉള്ളത്. ത്രികോണാകൃതിയിലുള്ള നാല് നില കെട്ടിടത്തിന് 64,500 ചതുരശ്ര മീറ്റർ വിസ്‌തീർണമുണ്ട്. കെട്ടിടത്തിന് മൂന്ന് പ്രധാന കവാടങ്ങളാണ് ഉള്ളത്. ഗ്യാൻ ദ്വാർ, ശക്തി ദ്വാർ, കർമ്മ ദ്വാർ എന്നിങ്ങനെയാണ് കവാടങ്ങൾ.
വിഐപികൾക്കും എംപിമാർക്കും സന്ദർശകർക്കും പ്രത്യേക പ്രവേശന കവാടങ്ങളുണ്ടാകും. അതേസമയം പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ പേരിൽ പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ് ആഞ്ഞടിച്ചിരുന്നു. 'വ്യക്തിഗത വാനിറ്റി പ്രോജക്‌റ്റ്' എന്നായിരുന്നു കോൺഗ്രസ് ഇതിനെ വിശേഷിപ്പിച്ചത്.
-
The sole architect, designer and worker for the new Parliament building, which he will inaugurate on May 28th. The picture tells it all—personal vanity project. pic.twitter.com/6eRtP9Vbhq
— Jairam Ramesh (@Jairam_Ramesh) May 18, 2023 " class="align-text-top noRightClick twitterSection" data="
">The sole architect, designer and worker for the new Parliament building, which he will inaugurate on May 28th. The picture tells it all—personal vanity project. pic.twitter.com/6eRtP9Vbhq
— Jairam Ramesh (@Jairam_Ramesh) May 18, 2023The sole architect, designer and worker for the new Parliament building, which he will inaugurate on May 28th. The picture tells it all—personal vanity project. pic.twitter.com/6eRtP9Vbhq
— Jairam Ramesh (@Jairam_Ramesh) May 18, 2023
കെട്ടിടത്തിന്‍റെ നിർമാണം പരിശോധിക്കുന്ന മോദിയുടെ ചിത്രം കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തിരുന്നു. 'പുതിയ പാർലമെന്‍റ് കെട്ടിടത്തിന്‍റെ ഏക വാസ്‌തു ശിൽപ്പിയും ഡിസൈനറും തൊഴിലാളിയും, മെയ് 28ന് അദ്ദേഹം തന്നെ കെട്ടിടം ഉദ്ഘാടനം ചെയ്യും. ചിത്രം എല്ലാം പറയുന്നു- വ്യക്തിഗത വാനിറ്റി പ്രോജക്‌റ്റ്' എന്ന് ചിത്രത്തിനൊപ്പം ജയറാം രമേശ് ട്വിറ്ററിൽ കുറിച്ചു.
നിലവിലുള്ള കെട്ടിടം സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പാർലമെന്‍റായി പ്രവർത്തിക്കുകയും ഭരണഘടനയുടെ അംഗീകാരത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്‌തു. കൗൺസിൽ ഹൗസ് എന്നറിയപ്പെട്ടിരുന്ന ഈ കെട്ടിടത്തിൽ ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗൺസിൽ ഉണ്ടായിരുന്നു. കൂടുതൽ സ്ഥലത്തിന്‍റെ ആവശ്യം പരിഹരിക്കുന്നതിനായി 1956ൽ പാർലമെന്‍റ് മന്ദിരത്തിൽ രണ്ട് നിലകൾ കൂട്ടിച്ചേർത്തു.
2006-ൽ ഇന്ത്യയുടെ സമ്പന്നമായ ജനാധിപത്യ പൈതൃകത്തിന്‍റെ 2,500 വർഷത്തെ പ്രദർശനത്തിനായി പാർലമെന്‍റ് മ്യൂസിയം ചേർത്തു. നിലവിലെ കെട്ടിടം ഒരിക്കലും ഒരു ദ്വിസഭയെ ഉൾക്കൊള്ളാൻ രൂപകൽപ്പന ചെയ്‌തിട്ടില്ലെന്നും ഇരിപ്പിടങ്ങൾ ഇടുങ്ങിയതും ബുദ്ധിമുട്ടുള്ളതും ആണെന്നും രണ്ടാം നിരയ്ക്ക് അപ്പുറം ഡെസ്‌കുകളില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സെൻട്രൽ ഹാളിൽ 440 പേർക്ക് ഇരിക്കാനുള്ള സൗകര്യമേ ഉള്ളൂ. കൂടുതൽ സ്ഥലത്തിന്‍റെ ആവശ്യം ഉണ്ടെന്ന് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിൽ അനുഭവപ്പെട്ടിരുന്നു.